lic

കൊച്ചി: കോർപ്പറേറ്റ്, ആദായ നികുതി നിരക്കുകളിൽ ഇളവ് അനുവദിച്ച കേന്ദ്രസർ‌ക്കാർ വരുമാനത്തിനായി കണ്ടുവച്ച പ്രധാന മാർഗങ്ങളിൽ ഒന്നാണ് പൊതുമേഖലാ ഓഹരി വില്‌പന. നടപ്പു സാമ്പത്തിക വർഷം പ്രത്യക്ഷ നികുതി വരുമാന ലക്ഷ്യം തന്നെ സർക്കാർ വെട്ടിക്കുറച്ചിട്ടുണ്ട്. നേരത്തേ ലക്ഷ്യം 13.35 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോൾ പ്രതീക്ഷ 11.80 ലക്ഷം കോടി രൂപ.

പൊതുമേഖലാ ഓഹരി വില്‌പന നടപ്പു വർഷം ലക്ഷ്യം കണ്ടില്ലെങ്കിലും വിറ്റഴിക്കൽ പട്ടികയിലുള്ള കമ്പനികളെല്ലാം വൻ തുക തന്നെ സർക്കാരിന് സമ്മാനിച്ചേക്കുമെന്ന് കരുതുന്നവയാണ്. ഇതിൽ, ഇക്കുറി ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച എൽ.ഐ.സി ഓഹരി വില്‌പന സർക്കാരിന് 'ബമ്പർ" തന്നെയായിരിക്കും. എയർ ഇന്ത്യ, ബി.പി.സി.എൽ., കോൺകോർ എന്നിവയാണ് പട്ടികയിലുള്ള മറ്റ് വലിയ കമ്പനികൾ.

2017-18ൽ പൊതുമേഖലാ ഓഹരി വില്പനയിലൂടെ ഉന്നമിട്ട വരുമാനം 72,500 കോടി രൂപയായിരുന്നെങ്കിലും ഒരുലക്ഷം കോടി രൂപ സർക്കാരിന്റെ കീശയിലെത്തി. 2018-19ൽ 80,000 കോടി രൂപ ലക്ഷ്യമിട്ടത് സർക്കാരിന് ലഭിച്ചു. 2019-20ൽ (നടപ്പുവർഷം) ലക്ഷ്യം 1.05 ലക്ഷം കോടി രൂപയായി ഉയർത്തി. എന്നാൽ, ഏകദേശം 60,000 കോടി രൂപയെങ്കിലും ഉറപ്പിച്ചിട്ടുള്ള ബി.പി.സി.എല്ലിന്റെ വില്പന നടപടിക്ക് പ്രാരംഭ നടപടി പോലും ആകാത്തതിനാൽ, ഈ വർഷം ഇതുവരെ കിട്ടിയത് 18,095 കോടി രൂപയാണ്.

ഈ വർഷത്തെ 'ബാക്കി ലക്ഷ്യം" കൂടി ഉൾപ്പെടുത്തി, 2020-21ലെ പൊതുമേഖലാ ഓഹരി വില്പന വരുമാനം ബഡ്‌ജറ്റിൽ 2.10 ലക്ഷം കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. ലോകത്തെ തന്നെ ഏറ്രവും വലിയ ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സിയാണ് സർക്കാരിന്റെ പ്രധാന 'ഇര". സ്വകാര്യ കമ്പനികൾ ഒട്ടേറെയുണ്ടെങ്കിലും ലൈഫ് ഇൻഷ്വറൻസ് രംഗത്ത് എൽ.ഐ.സി ഇപ്പോഴും കുത്തക ഭീമനാണ്. ആയതിനാൽ, എൽ.ഐ.സിയുടെ ഓഹരികൾ വാങ്ങിക്കൂട്ടാൻ നിക്ഷേപകർ തിക്കിതിരക്കുമെന്നതിൽ സംശയിക്കേണ്ട.

മാർഗം ഐ.പി.ഒ;

ലക്ഷ്യം ₹90,000 കോടി

ലൈഫ് ഇൻഷ്വറൻസ് മേഖലയിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ബ്രഹ്‌മാണ്ഡ കമ്പനികളിൽ ഒന്നാണെങ്കിലും എൽ.ഐ.സി ഇതുവരെ ഓഹരി വിപണിയിൽ ലിസ്‌റ്ര് ചെയ്‌തിട്ടില്ല. ഓഹരി വിപണിയിൽ വൻ നിക്ഷേപം പക്ഷേ, എൽ.ഐ.സിക്കുണ്ട്. പ്രാരംഭ ഓഹരി വില്പനയിലൂടെ (ഐ.പി.ഒ) എൽ.ഐ.സിയെ ലിസ്‌റ്ര് ചെയ്യാനാണ് സർക്കാർ ഒരുങ്ങുന്നത്.

100%: നിലവിൽ എൽ.ഐ.സിയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസർക്കാരിന് സ്വന്തമാണ്.

10%: ഇതിൽ, കുറഞ്ഞത് 10 ശതമാനമെങ്കിലും സർക്കാർ പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) വച്ചേക്കും.

25%: പരമാവധി 25 ശതമാനം ഓഹരികളും ഐ.പി.ഒയ്ക്ക് പരിഗണിച്ചേക്കും. ഇതിന് സാദ്ധ്യത വിരളം.

ഐ.ഡി.ബി.ഐ ബാങ്കിന്റെ കഥ!

എൽ.ഐ.സിയുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ ഐ.ഡി.ബി.ഐ ബാങ്ക്. ഈ ബാങ്കിൽ സർക്കാരിന് 46.5 ശതമാനം ഓഹരികളുണ്ട്. എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയ്ക്കൊപ്പം ഐ.ഡി.ബി.ഐ ബാങ്കിലെ ഈ ഓഹരികളും സർക്കാർ വിറ്റൊഴിഞ്ഞേക്കും. എൽ.ഐ.സി ഐ.പി.ഒ, ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരി വിറ്റൊഴിൽ എന്നിവയിലൂടെ നടപ്പുവർഷം കുറഞ്ഞത് 90,000 കോടി രൂപയെങ്കിലും നേടാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

ദശാബ്‌ദത്തിന്റെ

ഐ.പി.ഒ

എൽ.ഐ.സിയുടെ ഓഹരി വില്പന ഈ ദശാബ്‌ദത്തിന്റെ തന്നെ ഐ.പി.ഒ ആയിരിക്കുമെന്ന് കരുതപ്പെടുന്നു. നിലവിൽ, കോൾ ഇന്ത്യ 2010ൽ സമാഹരിച്ച 15,200 കോടി രൂപയാണ് ഇന്ത്യയിലെ റെക്കാഡ്.

എൽ.ഐ.സിയുടെ നിശ്‌ചിത ഓഹരികൾ, ഐ.ഡി.ബി.ഐ ബാങ്കിലെ ഓഹരികൾ എന്നിവ വിറ്റഴിച്ച് 90,000 കോടി രൂപ സർക്കാർ ഉന്നമിടുന്നു. ഏകദേശം 17,000 കോടി രൂപയാണ് ഐ.ഡി.ബി.ഐ ബാങ്കിലെ സർക്കാ‌ർ ഓഹരികളുടെ മൂല്യം. ഉന്നമിടുന്ന ബാക്കിത്തുക എൽ.ഐ.സിയിൽ നിന്നാണ്.

 ഐ.പി.ഒയിലൂടെ എൽ.ഐ.സി ഓഹരി വിപണിയിൽ എത്തിയാൽ, കാത്തിരിക്കുന്ന സ്ഥാനം വമ്പന്മാർക്കൊപ്പമാണ്. ഏകദേശം 8-10 ലക്ഷം കോടി രൂപയാണ് എൽ.ഐ.സിക്ക് അനുമാനിക്കുന്നത്. റിലയൻസ് ഇൻഡസ്‌ട്രീസ്, ടി.സി.എസ്., എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് ഈ നിരയിലുള്ളത്.

എൽ.ഐ.സിക്കരുത്ത്

 2018-19 പ്രകാരം ബാലൻസ് ഷീറ്ര് മൂല്യം : ₹30.5 ലക്ഷം കോടി

 2000ൽ സ്വകാര്യ കമ്പനികൾക്കും ലൈഫ് ഇൻഷ്വറൻസ് വിപണി തുറന്നുകൊടുത്തെങ്കിലും ഇപ്പോഴും എൽ.ഐ.സിയാണ് കുത്തക ഭീമൻ; വിപണി വിഹിതം : 70.52%

 2019 ഏപ്രിൽ-ഡിസംബറിൽ പുതിയ പ്രീമിയം വരുമാനം : ₹1.37 ലക്ഷം കോടി; വർദ്ധന 45.5%

 ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ ഭീമനുമാണ് എൽ.ഐ.സി

 2018-19ലെ എൽ.ഐ.സി നിക്ഷേപം : ₹29.84 ലക്ഷം കോടി

 ഇതിൽ, ₹28.32 ലക്ഷം കോടിയും ഓഹരി-കടപ്പത്രങ്ങളിൽ.

പാർലമെന്റ് കനിയണം

എൽ.ഐ.സി ആക്‌ട് 1956 പ്രകാരമാണ് എൽ.ഐ.സിയുടെ പ്രവർത്തനം. ഓഹരി വിറ്റഴിക്കണമെങ്കിൽ പാർലമെന്റിന്റെ അനുമതി വേണം. പിന്നെ, എൽ.ഐ.സി ബോർഡ് അംഗീകരിക്കണം. ഇൻഷ്വറൻസ് റെഗുലേറ്രറായ ഐ.‌ആർ.ഡി.എ., ഓഹരി വിപണിയുടെ നിയന്ത്രകരായ സെബി എന്നിവരും കനിയണം. ഇതിനെല്ലാം മാസങ്ങളെടുക്കുമെന്നതിനാൽ, 2020ന്റെ രണ്ടാം പകുതിയിൽ എൽ.ഐ.സിയുടെ ഐ.പി.ഒ പ്രതീക്ഷിക്കാം.