കൊച്ചി: ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമന്റെ നികുതിയിളവ് പ്രഖ്യാപനത്തെ ഏവരും കൈയടികളോടെയാണ് വരവേറ്റത്. എന്നാൽ, വിശദാംശങ്ങളിലേക്ക് കടന്നതോടെ, പലരുടെയും മുഖം വാടിയതാണ് കാഴ്‌ച. ആദായ നികുതി നേരിട്ട് കുറയ്ക്കുകയല്ല, നിലവിലെ സ്ളാബ് നിലനിറുത്തിക്കൊണ്ട് തന്നെ, നികുതി കുറഞ്ഞ പുതിയ സ്ളാബ് ധനമന്ത്രി അവതരിപ്പിച്ചു. പുതിയ സ്ളാബിൽ ഇളവുകൾ നേടാനുള്ള അവസരം തീരെക്കുറവ്. അതിനാൽ, ഈ സ്ളാബ് 'ഓപ്‌ഷണൽ" ആണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ സ്ളാബ്
നിലവിലെ ആദായ നികുതി സ്ളാബ് പ്രകാരം നിങ്ങൾക്ക് കുറഞ്ഞത് ഏഴുലക്ഷം രൂപവരെ വരുമാനം നികുതിബാദ്ധ്യതയിൽ നിന്ന് ഒഴിവാക്കാം. അഞ്ചുലക്ഷം രൂപയ്ക്ക് 100 ശതമാനം റിബേറ്റുണ്ട്. സ്‌റ്രാൻഡേർഡ് ഡിഡക്ഷനായി 50,000 രൂപയും സെക്‌ഷൻ 8സി പ്രകാരം 1.50 ലക്ഷം രൂപയുടെയും ഇളവ് നേടാം.
പുതിയ സ്ളാബ്
പുതിയ സ്ളാബിൽ സെക്‌ഷൻ 80സി പ്രകാരം നേടാവുന്ന ഇളവുകൾ ഒട്ടുമിക്കതും ഒഴിവാക്കി. സ്‌റ്റാൻഡേർഡ് ഡിഡക്‌ഷനില്ല. ഫലത്തിൽ, 100 ശതമാനം റിബേറ്റുള്ള അഞ്ചുലക്ഷം രൂപയുടെ പരിധി കഴിഞ്ഞാൽ, നിങ്ങൾ നികുതിയടക്കണം.
42.7%
ഇന്ത്യയിൽ കോർപ്പറേറ്ര് നികുതി 25 ശതമാനമേയുള്ളൂ. പുതിയ കമ്പനിക്ക് 15 ശതമാനവും. എന്നാൽ, ഉയർന്ന വരുമാനക്കാരനാണ് നിങ്ങൾ എങ്കിൽ പരമാവധി ആദായനികുതി ബാദ്ധ്യത 42.7 ശതമാനമാണ്. അതായത്, ഒരു കമ്പനിയുടെ നികുതിയേക്കാൾ കൂടുതൽ നികുതിബാദ്ധ്യതയുണ്ട് ഇന്ത്യയിൽ ഒരു വ്യക്തിക്ക്
അതിസമ്പന്ന നികുതി:-
ചൈന : 45%
ദക്ഷിണാഫ്രിക്ക : 45%
ഇന്ത്യ : 42.7%
അമേരിക്ക : 37%
കാനഡ : 33%
സിംഗപ്പൂർ : 22%
പുതിയ സ്ളാബ്
തിരഞ്ഞെടുക്കണോ?
നികുതിദായകരെയാകെ 'കൺഫ്യൂഷനിൽ" ആക്കിയാണ് ധനമന്ത്രി ഇക്കുറി ആദായ നികുതി ഇളവ് പ്രഖ്യാപിച്ചത്. പുതിയ സ്ളാബ് തിരഞ്ഞെടുക്കണോ അതോ പഴയത് മതിയോ എന്നാണ് ആശയക്കുഴപ്പം. എന്നാൽ, കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത് നിലവിലെ സ്ളാബുകൾ തന്നെയാണ് ഏവർക്കും ഗുണകരമെന്നാണ്. ചില കണക്ക് നോക്കാം.
വരുമാനം : ₹10 ലക്ഷം
പഴയ സ്ളാബ് പ്രകാരം സെക്‌ഷൻ 80സി ഉൾപ്പെടെ വിവിധ ഇളവുകൾ ഉള്ളതിനാൽ നികുതിബാധകമായ വരുമാനം : ₹5.75 ലക്ഷം
നികുതി ബാദ്ധ്യത : ₹27,500
പുതിയ സ്ളാബ് പ്രകാരം നികുതി ഇളവുകൾ ഇല്ല. അതിനാൽ, 10 ലക്ഷം രൂപയും നികുതിവിധേയം.
നികുതി ബാദ്ധ്യത : ₹75,000
ഫലത്തിൽ: പഴയ സ്ളാബിൽ തുടരുന്നത് ഉത്തമം.
വരുമാനം : ₹20 ലക്ഷം
പഴയ സ്ളാബ് പ്രകാരം സെക്‌ഷൻ 80സി ഉൾപ്പെടെ വിവിധ ഇളവുകൾ ഉള്ളതിനാൽ നികുതിബാധകമായ വരുമാനം : ₹15.75 ലക്ഷം
നികുതി ബാദ്ധ്യത : ₹2.85 ലക്ഷം
പുതിയ സ്ളാബ് പ്രകാരം നികുതി ഇളവുകൾ ഇല്ല. അതിനാൽ, 20 ലക്ഷം രൂപയും നികുതിവിധേയം.
നികുതി ബാദ്ധ്യത : ₹3.37 ലക്ഷം
ഫലത്തിൽ: പഴയ സ്ളാബിൽ തുടരുന്നത് ഉത്തമം.
ഒഴിവാക്കിയ നിക്ഷേപങ്ങൾ
ആദായ നികുതിയിൽ ഇളവ് നേടാൻ ഉപകാരപ്രദമായ നിക്ഷേപങ്ങളിൽ പുതിയ സ്ളാബ് പ്രഖ്യാപിച്ചതു പ്രകാരം കേന്ദ്രം ഒഴിവാക്കിയവയിൽ ചിലത് ഇവയാണ് :
സെക്‌ഷൻ 80സി നിക്ഷേപങ്ങൾ
ഹൗസ് റെന്റ് അലവൻസ്
ഭവന വായ്‌പാ പലിശ
ലീവ് ട്രാവൽ അലവൻസ്
മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം
സ്‌റ്രാൻഡേർഡ് ഡിഡക്ഷൻ
സേവിംഗ്‌സ് ബാങ്ക് പലിശ
വിദ്യാഭ്യാസ വായ്‌പാ പലിശ
നിലനിറുത്തിയവ
വാടകയിന്മേലുള്ള സ്‌റ്രാൻഡേർഡ് ഡിഡക്ഷൻ
കാർഷിക വരുമാനം
ലൈഫ് ഇൻഷ്വറൻസിൽ നിന്നുള്ള വരുമാനം
വി.ആർ.എസ് നടപടികൾ
ലീവ് എൻകാഷ്‌മെന്റ് ഓൺ റിട്ടയർമെന്റ്