ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എസ്.പി.ജി (സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) സുരക്ഷയ്ക്കായി ഇത്തവണ ബഡ്ജറ്റിൽ വകയിരുത്തിയത് 600 കോടി രൂപ. കഴിഞ്ഞ ബഡ്ജറ്റിൽ 420 മുതൽ 540 കോടിവരെയായിരുന്നു ഇതിനായി വകയിരുത്തിയിരുന്നത്. നിലവിൽ പ്രധാനമന്ത്രിക്ക് മാത്രമാണ് എസ്.പി.ജി സുരക്ഷയുള്ളത്. 3000ത്തോളം എസ്.പി.ജി അംഗങ്ങളാണ് അദ്ദേഹത്തിന് സുരക്ഷ ഒരുക്കുന്നത്.
നെഹ്റു-ഗാന്ധി കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ കഴിഞ്ഞ വർഷം പിൻവലിച്ചിരുന്നു. 28 വർഷം നീണ്ട എസ്.പി.ജി കാവലാണ് ഗാന്ധി കുടുംബത്തിന് നഷ്ടമായത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ എസ്.പി.ജി സുരക്ഷ സെഡ് പ്ലസിലേക്ക് മാറ്റിയിരുന്നു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നാണ് 1985 ൽ എസ്.പി.ജി സുരക്ഷ നിലവിൽ വന്നത്. 1989 ൽ അധികാരത്തിലേറിയ വി.പി.സിംഗ് സർക്കാർ രാജീവ് ഗാന്ധിയുടെ എസ്.പി.ജി സുരക്ഷ പിൻവലിച്ചെങ്കിലും 1991ൽ രാജീവ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രിമാർക്കും അടുത്ത കുടുംബാംഗങ്ങൾക്കും 10 വർഷത്തേക്ക് സുരക്ഷ നൽകാനുള്ള വ്യവസ്ഥയുൾപ്പെടുത്തി എസ്.പി.ജി നിയമം ഭേദഗതി ചെയ്തിരുന്നു.കഴിഞ്ഞ വർഷമാണ് എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രമായി ചുരുക്കിയത്. നിയമം പരിഷ്കരിച്ചതിന്റെ ഭാഗമായിരുന്നു മാറ്റം.