sree-narayana
photo

കൊല്ലം: പിന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 15 ശതമാനം സംവരണം നൽകണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.ശ്രീനാരായണ പെൻഷണേഴ്സ് വെൽഫെയർ കൗൺസിൽ സംസ്ഥാന പ്രതിനിധി സമ്മേളനം എസ്.എൻ.ഡി.പി യോഗം ആസ്ഥാനത്തെ ശ്രീനാരായണ ധ്യാന മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംവരണം അട്ടിമറിച്ചാണ് നിയമനങ്ങൾ പലതും നടത്തിയത്. ഏത് സർക്കാർ വന്നാലും സർക്കാരിൽ സവർണനാണ് ആധിപത്യം. സംവരണ തത്വം പാലിച്ച് കെ.എ.എസ് നടപ്പാക്കണമെന്ന് പറയാൻ ഭരണത്തിനകത്ത് ആരുമുണ്ടായില്ല. സംവരണ തത്വം പാലിക്കാതെ കെ.എ.എസ് നടപ്പാക്കുന്നത് ശരിയല്ലെന്ന് കേരളകൗമുദി എഴുതുകയും എസ്.എൻ.ഡി.പി യോഗം പറയുകയും ചെയ്‌തിട്ടാണ് സംവരണം നടപ്പിലാക്കാൻ തയ്യാറായത്. സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളിലും സംവരണ തത്വം പാലിക്കാൻ തയ്യാറല്ല. മുന്നാക്കക്കാരന്റെ ആധിപത്യമാണ് ദേവസ്വം ബോർഡുകളിൽ. മുസ്ലിം സമുദായത്തിന് വേണ്ടി സംസാരിക്കാൻ അവരും അകമ്പടിയായി രാഷ്ട്രീയക്കാരുമുണ്ട്. മല പിടിച്ചെടുത്തും സർക്കാർ ഭൂമി കയ്യേറിയും അടുത്തദിവസം അതിന്റെ പട്ടയം നേടുകയാണ് ചിലരുടെ രീതി. കയ്യേറ്റ ഭൂമിക്ക് പട്ടയം നൽകാനും ആളുണ്ട്. ഈഴവ സമുദായത്തോട് മാത്രമാണ് അവഗണന.രാഷ്ട്രീയ നീതിയും സാമ്പത്തിക നീതിയും വിദ്യാഭ്യാസ നീതിയും ഈഴവ സമുദായത്തിന് ലഭിക്കുന്നില്ല. ചാതുർ വർണ്യത്തിന്റെ വേരുകളാണ് സമൂഹം നിറയെ. ശബരിമലയിൽ ശാന്തി നിയമനം വരുമ്പോൾ പിന്നാക്കക്കാരനും പട്ടികജാതിക്കാരനും പരിഗണന ലഭിക്കുന്നില്ല.

മാവേലിക്കര യൂണിയൻ പിരിച്ചുവിട്ടത് കോടിക്കണക്കിന് രൂപയുടെ അഴിമതി മൈക്രോഫിനാൻസിൽ നടത്തിയതിനാണ്. 40 പാസ് ബുക്കുകൾ പരിശോധിച്ചപ്പോൾ തന്നെ ലക്ഷങ്ങളുടെ തിരിമറി ബോദ്ധ്യമായി. സാമ്പത്തിക ക്രമക്കേട് തിരുത്താൻ ശ്രമിക്കുമ്പോഴാണ് പല യൂണിയനുകളും എതിരാകുന്നത്.
ജോലിയിൽ നിന്ന് വിരമിച്ച ചിലർ യോഗത്തിനും തനിക്കുമെതിരെ പ്രസ്‌താവന നടത്തി ആളാകാൻ നോക്കുകയാണ്. ഇപ്പോഴും തലയിൽ തൊപ്പി ഇരിക്കുന്നുവെന്നാണ് ചിലരുടെ ധാരണയെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്.അജുലാൽ അദ്ധ്യക്ഷനായിരുന്നു. പെൻഷൻ കൗൺസിൽ വിശദീകരണം എസ്.എൻ.ഡി.പി യോഗം കൗൺസിലർ സി.എം ബാബു കടുത്തുരുത്തിയും മുഖ്യപ്രഭാഷണം യോഗം കൗൺസിലർ പി.സുന്ദരനും നിർവഹിച്ചു. യോഗം കൗൺസിലർമാരായ പി.കെ.പ്രസന്നൻ, പച്ചയിൽ സന്ദീപ്, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, കോ ഓർഡിനേറ്റർ പി.വി.രജിമോൻ, തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു, ചവറ യൂണിയൻ സെക്രട്ടറി അനീഷ് കാരായിൽ, നോർത്ത് പറവൂർ യൂണിയൻ പ്രസിഡന്റ് രാധാകൃഷ്ണൻ, ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണക്കാവ് സുരേന്ദ്രൻ, സെക്രട്ടറി പരിത്തിപ്പള്ളി സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

 എൽ.ഡി.എഫ് ജയിക്കുമെന്ന്

കോൺഗ്രസുകാരും പറയുന്ന സ്ഥിതി

ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ എൽ.ഡി.എഫ് ജയിക്കുമെന്ന് കോൺഗ്രസുകാരും പറയുന്ന സ്ഥിതിയാണെന്ന് വെള്ളാപ്പള്ളി നടേശൻ. പിണറായിയുടെ ഗ്രാഫ് ഉയർന്നു. ശബരിമല സ്ത്രീ പ്രവേശന വിധി വന്നപ്പോൾ നടപ്പാക്കാൻ സർക്കാർ ശ്രമിച്ചു. വിധി നടപ്പിലാക്കിയാൽ കയ്യടി കിട്ടുമെന്നാണ് സർക്കാർ കരുതിയത്. കയ്യടി കിട്ടിയില്ലെന്ന് മാത്രമല്ല കയ്യിലിരുന്നതും പോയി. മാത്രമല്ല, അതിനോട് എടുത്ത സമീപനവും ശരിയായിരുന്നില്ല. അതിനെ രാഷ്ട്രീയമായി മുതലെടുക്കാൻ മറ്റുള്ളവരും ശ്രമിച്ചു. അതോടെ എൽ.ഡി.എഫ് ഗ്രാഫ് അന്ന് താഴ്ന്നു. ഗ്രാഫ് ഉയർത്താൻ നോക്കിയിരുന്നപ്പോഴാണ് നിലവിലെ പുതിയ സാഹചര്യങ്ങൾ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.