കൊച്ചി: കായലിലൂടെ ഒഴുകിവന്ന ബക്കറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി എളമക്കരയിലുള്ള മാക്കാപ്പറമ്പ് എന്ന സ്ഥലത്തുനിന്നാണ് 24 ആഴ്ചകൾ പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുന്നത്. കുഞ്ഞ് പ്രസവശേഷം ഉപേക്ഷിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. മൃതദേഹം കായലിലൂടെ ഒഴുകി വന്നതാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. കായലിന്റെ കൈവരിയുടെ ഭാഗം ഒഴുകുന്ന സ്ഥലത്തു നിന്നുമാണ് കുഞ്ഞിനെ കണ്ടെടുത്തത് എന്നതിനാലാണ് ഈ പ്രദേശവാസികൾ ഈ നിഗമനത്തിൽ എത്തിയത്.
കായലിലൂടെ ഒഴുകിവന്ന ബക്കറ്റും അതിനുള്ളിലെ മൃതദേഹവും സ്ഥലത്തുള്ള ചില കുട്ടികൾ കണ്ടെത്തുകയും തുടർന്ന് അവർ ഇക്കാര്യം തങ്ങളുടെ മാതാപിതാക്കളെ അറിയിക്കുകയുമായിരുന്നു. മാതാപിതാക്കളാണ് പൊലീസിന് ഈ വിവരം കൈമാറിയത്. ശേഷം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രധാനമായും രണ്ട് കാര്യങ്ങൾ സംഭവിച്ചിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
പ്രസവശേഷം കുട്ടിയെ ഉപേക്ഷിച്ചതാകാം എന്നതാണ് ഇതിൽ ആദ്യത്തേത്. അതുപോലെതന്നെ പ്രസവശേഷം കുട്ടി മരിച്ചാൽ ആശുപത്രി അധികൃതർ മൃതദേഹം മറവ് ചെയ്യുന്നതിനായി ബന്ധുക്കളെ ഏൽപ്പിക്കാറുണ്ട്. കുട്ടിയുടെ ജഡം കണ്ടെത്താൻ കാരണം അതാണോ എന്നതാണ് പൊലീസിന്റെ രണ്ടാമത്തെ സംശയം. ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷിക്കുമെന്നും എളമക്കര പൊലീസ് അറിയിച്ചു.