ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തതിനെ ചോദ്യം ചെയ്ത് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജിയിൽ വിധി മാറ്റിവച്ചു. മൂന്നര മണിക്കൂറോളം നീണ്ട വാദത്തിനൊടുവിലാണ് കേസ് വിധി പറയാൻ മാറ്റിവെക്കുന്നതായി ഡൽഹി ഹൈക്കോടതി അറിയിച്ചത്. കഴിഞ്ഞ ദിവസമാണു കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
വധശിക്ഷ ഉടൻ നടപ്പാക്കണമെന്നും നീട്ടിക്കൊണ്ടു പോകുകയാണ് പ്രതികളുടെ തന്ത്രമാണെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജറായ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിൽ പറഞ്ഞു. ഒരിക്കൽ സുപ്രീം കോടതി തീർപ്പു കൽപ്പിച്ച കേസിൽ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിൽ തടസമില്ലെന്ന് സോളിസിറ്റർ ജനറൽ വാദിച്ചു. പ്രതികൾ ഏഴ് വർഷമായി നീതിന്യായ സംവിധാനത്തെ മുൻ നിർത്തി രാജ്യത്തിന്റെ ക്ഷമ നശിപ്പിക്കുകയാണെന്നും നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും തുഷാർ മേത്ത പറഞ്ഞു.
വധശിക്ഷ നടപ്പാക്കുന്നതിൽ മനഃപൂർവ്വം വൈകിപ്പിക്കുകയാണ്. വധശിക്ഷ ഒരിക്കലും വൈകിപ്പിക്കാൻ പാടില്ല. പ്രതികള്‍ക്കുള്ള അന്തിമവിധി സുപ്രീംകോടതി തീരുമാനിച്ചതാണ്. നാലുപേരുടെയും ശിക്ഷ ഒരുമിച്ചു നടപ്പാക്കണമെന്നില്ല. അതില്‍ ഒരു തടസവുമില്ല. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 ദിവസത്തെ നോട്ടീസ് നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതി വിനയ്കുമാറിന്റെയും ദയാഹർജി തള്ളിയതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
മണിക്കൂറുകൾക്കകം മറ്റൊരു പ്രതിയായ അക്ഷയ്കുമാർ ദയാഹർജി സമർപ്പിച്ചു. മുകേഷ് കുമാർ സിങ്ങിന്റെ ഹർജി നേരത്തേ തള്ളിയിരുന്നു. പവൻ ഗുപ്തയാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റൊരു പ്രതി. അഭിഭാഷകൻ എ.പി.സിങ്ങാണ് അക്ഷയ്കുമാർ, പവൻ ഗുപ്ത,വിനയ്‌കുമാർ എന്നിവർക്കു വേണ്ടി ഹാജരായത്. മുതിർന്ന അഭിഭാഷക റെബേക്കാ ജോണാണ് മുകേഷ് കുമാറിനു വേണ്ടി ഹാജരായത്.