womens-hockey
womens hockey

കൊല്ലം: ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തുടർച്ചയായ മൂന്നാം തോൽവി. പൂൾ എയിൽ മദ്ധ്യപ്രദേശാണ്

ഒൻപത് ഗോളിന് കേരളത്തെ തുരത്തിയത്. ഒരുഗോൾപോലും മടക്കാൻ കേരളത്തിനായില്ല.

ആദ്യമിനിറ്റിൽ തന്നെ നരേന്ദർ കൗർ ഫീൽഡ് ഗോളിലൂടെ ആതിഥേയരെ ഞെട്ടിച്ചു.രണ്ട് മിനിറ്റിനകം കരിഷ്മ സിംഗ് ലീഡ് ഉയർത്തി.തുടന്ന് കണ്ടത് ഗോളടിമേളമായിരുന്നു. കരിഷ്മ സിംഗ് ഹാട്രിക്കും പിന്നിട്ട് നാലു ഗോൾ തികച്ചു. നീലു ദാദിയ,രാജു റാൻവ,നരേന്ദർ കൗർ,ആകാൻഷ സിംഗ് എന്നിവർ ഓരോ ഗോൾ നേടി.

മൂന്നു മത്സരങ്ങളിൽ നിന്നും ഏഴു പോയിന്റുമായി ഹോക്കി മദ്ധ്യപ്രദേശ് ക്വാർട്ടർ ഫൈനൽ സാധ്യത സജീവമാക്കി.

മൂന്ന് മത്സരങ്ങളിൽ ആകെ 15 ഗോൾ വഴങ്ങിയ കേരളം തിരിച്ചടിച്ചത് വെറും രണ്ട് ഗോൾ മാത്രമാണ്. മൂന്നിലും തോറ്റതിനാൽ കേരളത്തിന് പോയിന്റില്ല.

പൂൾ ബിയിൽ നിന്നും തുടർച്ചയായ മൂന്നാം ജയത്തോടെ ഹരിയാന ക്വാർട്ടറിൽ കടന്നു.

കർണാടകയെ മറുപടിയില്ലാത്ത എട്ടു ഗോളുകൾക്കാണ് ഹരിയാന തകർത്തത്. ദീപിക ഹാട്രിക്ക് നേടിയ മത്സരത്തിൽ ഹരിയാനയ്ക്ക് വേണ്ടി അന്നു ഇരട്ട ഗോൾ നേടി. ടീം ക്യാപ്ടനും ഒളിമ്പ്യനുമായ പൂനം റാണി മാലിക്ക്, മഹിമാ ചൗധരി, ദേവിക സെൻ എന്നിവർ ഓരോ ഗോൾ നേടി.മൂന്ന് മത്സരങ്ങളിൽ നിന്നും മൂന്നു പോയിന്റാണ് കർണാടകയുടെ സമ്പാദ്യം.

പൂൾ സിയിലെ മത്സരത്തിൽ ഉത്തർ പ്രദേശ് 3-1ന് തമിഴ്‌നാടിനെ തോല്‍പിച്ചു. ഉത്തർ പ്രദേശിന്റെ ആദ്യ വിജയമാണിത്.മൂന്നു മത്സരങ്ങളിൽ നിന്നും മൂന്ന് പോയിന്റ് വീതമാണ് ഉത്തർപ്രദേശിനും തമിഴ്‌നാടിനും ലഭിച്ചത്.

സിയിലെ മറ്റൊരു മത്സരത്തിൽ പഞ്ചാബിനെ 3-0ന് തോൽപ്പിച്ച് മഹാരാഷ്ട്ര ക്വാർട്ടർ ഫൈനലിൽ കടന്നു. മൂന്ന് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയങ്ങളുമായി 9 പോയിന്റാണ് മഹാരാഷ്ട്രയ്ക്കുള്ളത്.നാലു പോയിന്റാണ് പഞ്ചാബിന്റെ സമ്പാദ്യം.

പൂൾ ഡിയിലെ മത്സരങ്ങളിൽ മദ്ധ്യപ്രദേശ് ഹോക്കി അക്കാദമി 2-0ന് ഹോക്കി ജാർഖണ്ഡിനെയും സി. ആർ. പി എഫ് 5-1ന് ഛത്തിസ്ഗഢിനെയും പരാജയപ്പെടുത്തി.ഹോക്കി ഗാങ്പുർ ഒഡീഷയ്ക്ക് എതിരെ ഹോക്കി രാജസ്ഥാന് വാക്കോവർ ലഭിച്ചു.

ഇന്ന് (തിങ്കൾ) രണ്ട് മത്സരങ്ങളുണ്ട്. പൂൾ എയിലെ നിർണായക മത്സരത്തിൽ രാവിലെ 9ന് ഹോക്കി ഒഡീഷ ഹോക്കി ഹിമാചലിനെ നേരിടും.ജയിക്കുന്ന ടീം ക്വാർട്ടർ ഫൈനലിലെത്തും.പൂൾ സിയിൽ വൈകീട്ട് ഉത്തർ പ്രദേശ് ഹോക്കി ചണ്ഡീഗഢിനെ നേരിടും.പൂൾ ബിയിൽ ഗാങ്പുർ ഒഡീഷ ടീം എത്തിച്ചേരാത്തതിനാൽ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് വാക്കോവർ ലഭിക്കും.