ബീജിംഗ്: വുഹാൻ സിറ്റിയിൽ നിന്നും എയർ ഇന്ത്യ വിമാനം എയർലിഫ്റ്റ് ചെയ്തവരോടൊപ്പം നാട്ടിലെത്താൻ സാധിക്കാതെ പത്തോളം ഇന്ത്യക്കാർ. ശരീര താപനില ഉയർന്ന നിലയിലായത് കാരണമാണ് ചൈനയുടെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ എയർ ഇന്ത്യ വിമാനത്തിൽ കയറാൻ അനുവദിക്കാതിരുന്നത്. ഓൺലൈൻ മാദ്ധ്യമമായ 'ദ ന്യൂസ് മിനിറ്റ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ചൈനയിൽ കുടുങ്ങിപ്പോയ ആന്ധ്രാ പ്രദേശ് സ്വദേശിയായ അന്നേം ജ്യോതി എന്ന പെൺകുട്ടി തങ്ങളുടെ ദുരിത സ്ഥിതിയെക്കുറിച്ച് വെളിപ്പെടുത്തി. ഞായറാഴ്ച എയർ ഇന്ത്യ തങ്ങളുടെ രണ്ടാം ബാച്ച് വിമാനത്തിലൂടെ 323 ഇന്ത്യക്കാരെ കൂടി വുഹാനിൽ നിന്നും ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. ഇതോടെ ആകെ 654 ഇന്ത്യക്കാരെയാണ് എയർ ഇന്ത്യ നാട്ടിലേക്ക് എത്തിച്ചിരിക്കുന്നത്.
'ശനിയാഴ്ചയാണ് ഞങ്ങളോട് വുഹാനിൽ തുടരാൻ അവർ പറഞ്ഞത്. രണ്ടാം വിമാനത്തിൽ ഞങ്ങളെ ഇന്ത്യയിലേക്ക് എത്തിക്കുമെന്നും ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഞായറാഴ്ച ഞങ്ങളെ വിമാനത്തിൽ കയറ്റാൻ അവർ തയാറായില്ല. അത് സംബന്ധിച്ച് ചൈനീസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചിരുന്നില്ല എന്നാണ് അവർ പറഞ്ഞത്. തലേ ദിവസം നടത്തിയ ശാരീരിക പരിശോധനയിൽ ശരീരത്തിന്റെ താപനില ഉയർന്നതായി കണ്ടെത്തിയതാണ് ഇതിനുള്ള കാരണം എന്നാണ് അവർ പറഞ്ഞത്.' അന്നേം ജ്യോതി പറയുന്നു.
ഞങ്ങളെ തിരികെ കൊണ്ടുപോകാൻ ഇന്ത്യൻ സർക്കാരിനോട് അപേക്ഷിക്കുകയാണെന്നും, തങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അത് തെളിയിക്കാൻ തയാറാണെന്നും പെൺകുട്ടി ഒരു വീഡിയോയിലൂടെ പറയുന്നുണ്ട്. ശരീര താപനിലയിൽ നേരിയ ഉയർച്ച കണ്ടെത്തിയതിനാലാണ് ഇന്ത്യയിലേക്ക് പോകാൻ തങ്ങളെ ചൈനീസ് അധികൃതർ അനുവദിക്കാത്തതെന്നും ജ്യോതി ചൂണ്ടിക്കാട്ടുന്നു.
ഒരു ഒപ്‌റ്റോഇലക്ട്രോണിക്സ് കമ്പനിയിൽ തൊഴിൽ പരിശീലനത്തിന് വേണ്ടിയാണ് ജ്യോതി വുഹാനിലേക്ക് എത്തിയത്. ആന്ധ്രാ പ്രദേശിലെ കുർണൂൽ ജില്ലയിലെ ഏർണപ്പാട് എന്ന സ്ഥലമാണ് അന്നേം ജ്യോതിയുടെ നാട്.