kk-shylaja
photo

കൊല്ലം: കൊറോണ വൈറസിനെതിരെ ആരോഗ്യമേഖല ജാഗ്രത പാലിക്കേണ്ടതിനാൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ഉൾപ്പടെയുള്ളിടത്ത് ഉച്ചക്ക് ശേഷവും ഡോക്ടർമാരുണ്ടാവണമെന്ന് മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) 53-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ചൈനയിൽ രോഗം കണ്ടെത്തിയപ്പോൾ തന്നെ നേരിടാനുള്ള മുന്നൊരുക്കം സംസ്ഥാനത്ത് തുടങ്ങി. ലക്ഷണങ്ങൾ കാണപ്പെടുന്നതിനു മുൻപ് തന്നെ രോഗം പടരുന്നുവെന്നതാണ് നിപ്പയിൽ നിന്ന് കൊറോണയെ വ്യത്യസ്തമാക്കുന്നത്. ഇത്തരം സാഹചര്യത്തിലാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ഉൾപ്പടെയുള്ളിടത്ത് ഉച്ചക്ക് ശേഷവും ഡോക്ടർമാരുടെ സേവനം അനിവാര്യമായത്. കൂടുതൽ നിയമനം നടത്തണമെന്ന ഡോക്ടർമാരുടെ ആവശ്യം സാമ്പത്തിക പരാധീനത കാരണം ഇപ്പോൾ പരിഗണിക്കാൻ കഴിയില്ല. ആശുപത്രിയിൽ വരുന്ന രോഗികളെ വീട്ടിലെ രോഗികളാക്കി മാറ്റാതെ ധാർമിക ബോധത്തോടെ ഡോക്ടർമാർ പ്രവർത്തിക്കണം. സ്വകാര്യ പ്രാക്ടീസിനു നിയമം തടസമല്ലെങ്കിലും ധാർമിക ബോധത്തോടെ പെരുമാറാൻ ഡോക്ടർമാർ തയാറാവണം. വീട്ടിൽ ചെന്ന് കണ്ടാൽ മാത്രമെ രോഗികൾക്ക് പരിഗണന നൽകു എന്ന സ്വഭാവദൂഷ്യം ചില ഡോക്ടർമാർക്കുണ്ട്. അത് മാറ്റിയെടുക്കണം. ആരോഗ്യമേഖല നേരിടുന്ന പ്രധാന പ്രശ്നം പകർച്ചവ്യാധികളാണെന്നും അവർ പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ്, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ. വിജയകൃഷ്ണൻ, ഡോക്ടർമാരായ ടി. ഉണ്ണികൃഷ്ണൻ, കേശവൻ ഉണ്ണി, ദിലീപ്, ടി.എൻ. സുരേഷ്, കിരൺ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ഡോ. ജോസഫ് ചാക്കോ (പ്രസി.), ഡോ. ടി.എൻ. സുരേഷ്, ഡോ. ഹസീന, ഡോ. കിരൺ (വൈസ്. പ്രസി.), ഡോ. വിജയകൃഷ്ണൻ (ജന. സെക്ര.), ഡോ. ഷംസുദ്ദീൻ (ജോ. സെക്ര.), ഡോ. ഉണ്ണികൃഷ്ണൻ (ട്രഷ.), ഡോ. കേശവനുണ്ണി (മാനേജിംഗ് എഡിറ്റർ).