pregnant

ചെന്നൈ: കീഴ്ജാതിയിൽ പെട്ട യുവാവിനെ വിവാഹം ചെയ്ത ഗർഭിണിയായ മകളെ ഭർത്താവിന്റെ വീട്ടിൽ നിന്നും കടത്തികൊണ്ടുപോയത് സ്വന്തം അച്ഛൻ. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലാണ് സംഭവം നടന്നത്. യാദവർ ജാതിയിൽ പെട്ട ദീപിക അച്ഛൻ ബാലകുമാറിന്റെ എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് താൻ സ്നേഹിച്ച സായ്‌കുമാറിനെ ആറ് മാസം മുൻപ് വിവാഹം ചെയ്തത്.

ബലിജ നായിഡു വിഭാഗത്തിൽ പെട്ട സായ്‌കുമാറിനെ മകൾ വിവാഹം ചെയ്യുന്നതിൽ നിന്നും അവളെ പിന്തിരിപ്പിക്കാൻ ബാലകുമാർ പലപ്പോഴും ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഒടുവിൽ ഇരുപതുകാരിയായ മകൾ ഗർഭിണിയായ സമയത്തായിരുന്നു റിട്ടയേർഡ് പൊലീസ് കോൺസ്റ്റബിൾ കൂടിയായ ബാലകുമാർ തന്റെ നാല് സുഹൃത്തുക്കളെയും കൂട്ടി ഈ സാഹസത്തിന് മുതിർന്നത്.

വിവാഹം കഴിഞ്ഞ ശേഷം ബംഗളുരുവിലേക്ക് ഭർത്താവിനൊപ്പം പോയ ദീപിക ഗർഭിണിയായ ശേഷം നാട്ടിൽ മടങ്ങി വന്ന് തന്റെ അമ്മായിയമ്മ ഭാഗ്യലക്ഷ്മിയോടും നാത്തൂൻ ദിവ്യയോടൊപ്പവും കഴിയുകയായിരുന്നു. ആ സമയത്താണ് തന്റെ മകൾ അവിടെ ഉണ്ടെന്ന് ബാലകുമാർ മനസിലാക്കി, സുഹൃത്തുക്കളോടൊപ്പം അവൾ താമസിക്കുന്ന വീട്ടിലെത്തി വീണ്ടും അവളോട് തിരികെ വരാൻ ആവശ്യപ്പെടുന്നത്.

മകൾ തിരികെ വരാൻ കൂട്ടാക്കുന്നില്ലെന്ന് കണ്ടതോടെ കൈയിൽ കരുതിയിരുന്ന തൂവാലയിൽ മയക്കുന്ന രാസവസ്തു പുരട്ടി അത് ദീപികയെ കൊണ്ട് മണപ്പിച്ച ശേഷം അവളെ ബോധം കെടുത്തുകയായിരുന്നു. ഭാഗ്യലക്ഷ്മിയും ദിവ്യവും അതിക്രമം തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എന്നാൽ രാവിലെ മകളെ തട്ടികൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ച ബാലകുമാർ വൈകിട്ട് ദീപികയെ തിരികെ എത്തിക്കുകയും ചെയ്തു.

ഉടൻതന്നെ ഭാഗ്യലക്ഷ്മിയും ദിവ്യയും ദീപികയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ ഇവർ ബാലകുമാറിനെതിരെ പരാതിയൊന്നും നൽകിയിട്ടില്ല. എന്നിരുന്നാലും, സ്ത്രീക്കെതിരെ അതിക്രമം നടത്തിയതിന് പൊലീസ് ബാലകുമാറിനും സുഹൃത്തുക്കൾക്കും എതിരെ കേസ് ചാർജ് ചെയ്തിട്ടുണ്ട്. ഇയാളെപറ്റിയുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ.