നെടുമങ്ങാട്: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിക്കുകയും സ്വർണ ബ്രെയ്സ്‍ലെറ്റ് തട്ടിയെടുക്കുകയും ചെയ്‌ത കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. പേരൂർക്കടയിൽ വാടകയ്ക്ക് താമസിക്കുന്ന നിഷ, കുടപ്പനക്കുന്ന് സ്വദേശി ശാന്തി, നരുവാംമൂട് സ്വദേശികളായ വിഷ്ണു, നികിൽ എന്നിവരെയാണ് വലിയമല സി.ഐ ജെ.ആർ.രഞ്ചിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പനയ്ക്കോട്ട് വാടകയ്ക്ക് താമസിക്കുന്ന വിമലയുടെ വീട്ടിൽ ഇക്കഴിഞ്ഞ 26ന് രാത്രി 10ഓടെയാണ് സംഭവം. ആറംഗ സംഘം മകൾ വിനീഷയുടെ ബ്രേയ്സ്‍ലെറ്റ് പൊട്ടിച്ചെടുക്കുകയും സ്വർണമാല പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഇതിനിടെ വിനീഷ ഒന്നാം പ്രതിയെ പിടിച്ചുതള്ളി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാതാവ് വിമല വലിയമല പൊലീസിനെ വിവരമറിയിച്ചതോടെ കാറിലെത്തിയ സംഘം രക്ഷപ്പെടുകയായിരുന്നു. എന്നാൽ വരുംവഴി മുതിയൻകാവിൽ വച്ച് പൊലീസിനെക്കണ്ട് അക്രമി സംഘം ഒാടിരക്ഷപ്പെട്ടെങ്കിലും നിഷയെ പൊലീസ് പിടികൂടി. ഇവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് മറ്റ് മൂന്നുപേരും അറസ്റ്റിലായത്. ഒന്നാം പ്രതി നവീൻ, അഞ്ചാം പ്രതി ആദർശ് എന്നിവരെയാണ് പിടികൂടാനുള്ളത്. ഒന്നാം പ്രതിയുടെ വീട്ടിൽ നിന്നും ബ്രേയ്സ്‍ലെറ്റ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ നാല് പേരെയും റിമാൻഡ് ചെയ്‌തു. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.