തിരുവനന്തപുരം: കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകൾ പൊലീസ് പിടിയിൽ. പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാൽ, എസ് എൻ പുരം സ്വദേശിനി ഷംല എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ച് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി ഉയർന്നു.
കഴിഞ്ഞ ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജവാർത്ത പ്രചരിപ്പിക്കുന്ന ആറു പേർ കൂടി നിരീക്ഷണത്തിലുണ്ടെന്നും ഇവർ വരും ദിവസങ്ങളിൽ അറസ്റ്റിലാകുമെന്നും മന്ത്രി വി.എസ് സുനിൽകുമാർ അറിയിച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനും വർഗീയ പ്രചാരണം നടത്താനും ഏത് വ്യക്തി ശ്രമിച്ചാലും കർശന നടപടി സ്വീകരിക്കും. സമൂഹ മാദ്ധ്യമങ്ങളിലെ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി ഓർമിപ്പിച്ചു.