nirmala-seetharaman-

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച യൂണിയൻ ബഡ്ജറ്റിൽ കേരളത്തിന് ആവശ്യമായതൊന്നും അനുവദിച്ചില്ലെന്ന ആരോപണവുമായി മന്ത്രിമാരടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. എന്നാൽ കേരളത്തിന് ഒന്നും കിട്ടിയില്ല എന്ന് ആരോപിക്കുന്നവർ കേരളത്തിന്റെ ആവശ്യങ്ങൾക്ക് ഇടം ലഭിക്കാൻ സംസ്ഥാന സർക്കാർ എന്തുചെയ്തു എന്ന മറു ചോദ്യമുന്നയിക്കുകയാണ് ആർ.എസ്.പി നേതാവായ ഷിബു ബേബിജോൺ. മുൻവർഷങ്ങളിൽ ബഡ്ജറ്റ് അവതരണത്തിന് മുൻപായി കേന്ദ്രത്തിൽ നിന്നും ആവശ്യങ്ങൾ നേടിയെടുക്കാൻ മുഖ്യമന്ത്രി ഡൽഹിയിൽ നേരിട്ടെത്തി കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമായിരുന്നു. എന്നാൽ ഇത്തവണ ബജറ്റിന്റെ ഭാഗമായി കേന്ദ്രവുമായി ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ കേരളത്തിന്റെ മുഖ്യമന്ത്രിയോ ധനമന്ത്രിയോ നടത്തിയതായി യാതൊരു അറിവുമില്ലെന്നും ഷിബു ബേബിജോൺ ആരോപിക്കുന്നു.

ഇതു കൂടാതെ കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ' എന്ന പേരിൽ ഡൽഹിയിൽ ക്യാബിനറ്റ് റാങ്കും ഭീമമായ ശമ്പളവും നൽകി ഒരാളെ നിയമിച്ചിട്ടുണ്ടെന്ന കാര്യവും എ.സമ്പത്തിന്റെ നിയമനത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഈ നിയമനം നടത്തിയിട്ടും കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിലെത്തിക്കാനും, അത് നേടിയെടുക്കാനും കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിന്റെ അവഗണന ചൂണ്ടിക്കാട്ടുമ്പോൾ അതിനൊപ്പം സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വവും കേരളത്തിന്റെ ബജറ്റ് വിഹിതം കുറഞ്ഞതിന് കാരണമാണെന്ന് ഷിബു ബേബിജോൺ തുറന്നടിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മുൻകാലങ്ങളിലെ സർക്കാരുകൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിന്റെ ആവശ്യങ്ങൾ ഫലപ്രദമായി അവതരിപ്പിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രിമാർ ബജറ്റിന് മന്നോടിയായി ഡൽഹിയിലെത്തി കേന്ദ്ര ധനമന്ത്രിയുമായി ചർച്ച നടത്തുകയും ശക്തമായ സമ്മർദ്ദങ്ങളിലൂടെ കേന്ദ്രത്തിൽ നിന്നും ആവശ്യങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അത്തരം മുന്നൊരുക്കങ്ങളൊന്നും ഇത്തവണ കണ്ടില്ല. ബജറ്റിന്റെ ഭാഗമായി കേന്ദ്രവുമായി ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ കേരളത്തിന്റെ മുഖ്യമന്ത്രിയോ ധനമന്ത്രിയോ നടത്തിയതായി യാതൊരു അറിവുമില്ല. മാത്രമല്ല 'കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ' എന്ന പേരിൽ ഒരാളെ ക്യാബിനറ്റ് റാങ്കും ഭീമമായ ശമ്പളവും നൽകി ഡൽഹിയിൽ നിയമിച്ചിട്ടും കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിലെത്തിക്കാനും, അത് നേടിയെടുക്കാനും കഴിഞ്ഞിട്ടില്ല.കേന്ദ്രത്തിന്റെ അവഗണന മാത്രമല്ല സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വവും കേരളത്തിന്റെ ബജറ്റ് വിഹിതം കുറഞ്ഞതിന് കാരണമാണെന്ന് തന്നെ പറയേണ്ടി വരും.