nirmala-seetharaman-

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർ വിദേശത്ത് സമ്പാദിക്കുന്ന പണത്തിന് ഇന്ത്യയിൽ നികുതി നൽകുമെന്ന ബഡ്ജറ്റ് നിർദേശത്തിന് വ്യക്തത വരുത്തി കേന്ദ്ര ധനമന്ത്രി. പ്രവാസികൾ നികുതി രഹിത രാജ്യങ്ങളിൽ നിന്നും സമ്പാദിക്കുന്ന തുകയ്ക്ക് ഇന്ത്യയിൽ നികുതി നൽകണം എന്ന തരത്തിൽ മാദ്ധ്യമങ്ങളിലടക്കം വാർത്തകൾ വന്നതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ധനമന്ത്രി തയ്യാറായത്. ഇന്ത്യൻ പൗരനായ പ്രവാസി ഇന്ത്യയിൽ നേടുന്ന വരുമാനത്തിന് മാത്രമാണ് നികുതി ഏർപ്പെടുത്തുന്നതെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇതോടെ പ്രവാസികൾക്കുണ്ടായ വലിയൊരു ആശങ്കയ്ക്ക് പരിഹാരമായിരിക്കുകയാണ്.

ദുബായിൽ ഒരാൾ സമ്പാദിക്കുന്നതിന് ഇവിടെ നികുതി ചുമത്തില്ല. എന്നാൽ ഇന്ത്യയിലുള്ള സ്വത്തുക്കളിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നുമുള്ള വരുമാനത്തിന് നികുതി ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഗൾഫ് അടക്കം മറ്റ് രാജ്യങ്ങളിൽ ജോലിയെടുക്കുന്നവരിൽ നിന്ന് നികുതി ഈടാക്കുമെന്ന തരത്തിൽ ഒരു വിഭാഗം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അവർ അവിടെ സമ്പാദിക്കുന്നതിന് നികുതി ചുമത്തുമെന്നാണ് പ്രചാരണം. ഇത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. നികുതി ഇല്ലാത്ത ഇടത്തു നിന്നും ഉണ്ടാക്കുന്ന വരുമാനത്തിന് എന്തിനാണ് നികുതി അടയ്ക്കുന്നത് എന്ന് ചോദിച്ച മന്ത്രി അതേസമയം ഇന്ത്യയിൽ വസ്തുവുള്ളതിനാൽ നികുതി ചുമത്താനുള്ള അവകാശം തനിക്കുണ്ടെന്നും വ്യക്തമാക്കി.

ആശങ്ക മാറുന്നില്ല

പ്രവാസികളിൽ നിന്നും നികുതി വാങ്ങുന്നതിലെ അവ്യക്തത ധനമന്ത്രി നീക്കിയിട്ടും കേരളത്തിന് ഈ നീക്കം തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. പ്രവാസികളിൽ നല്ലൊരു പങ്കും ഇവിടെ നിക്ഷേപം നടത്തി വരുമാനം നേടുന്നവരായതിനാൽ പുതിയ ഭേദഗതി അവർക്ക് തിരിച്ചടിയാകുമെന്ന് തന്നെയാണ് വിലയിരുത്തൽ.ഇന്ത്യയിലേയ്ക്കുള്ള പ്രവാസി നിക്ഷേപത്തെയും ഇത് ബാധിക്കും. ഗൾഫ് രാജ്യങ്ങളെല്ലാം തന്നെ നികുതി രഹിത രാജ്യങ്ങളായതിനാൽ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് പുതിയ ഭേദഗതി തിരിച്ചടിയാണ്. പ്രവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രവാസി വ്യവസായികളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു, ഇതോടെയാണ് വിശദീകരണവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ രംഗത്തെത്തിയത്.