നാഗപട്ടണം: തന്റെ മകനുമായുള്ള പ്രേമബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ പെൺകുട്ടിയെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ച് അച്ഛൻ. തമിഴ്‌നാട്ടിലെ നാഗപട്ടണത്തിലെ വേദാരണ്യം എന്ന സ്ഥലത്താണ് ഹീനമായ ഈ സംഭവം നടന്നത്. തന്റെ മകനുമായുള്ള വിവാഹം നടത്തിത്തരാം എന്ന് പറഞ്ഞുകൊണ്ട് 20 വയസുകാരിയായ പെൺകുട്ടിയെ സെമ്പോഡൈയിലുള്ള തന്റെ വീട്ടിലേക്ക് 42 വയസുകാരനായ നിത്യാനന്ദൻ വിളിച്ചുവരുത്തുകയായിരുന്നു.
എന്നാൽ ഇയാളുടെ വാക്കുകൾ വിശ്വസിച്ചെത്തിയ പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ കഴുത്തിൽ ബലം പ്രയോഗിച്ച് മംഗളസൂത്രം കെട്ടിയ ശേഷമാണ് ഇയാൾ അവളെ ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ മൊബൈൽ ഫോണും ഇയാൾ പിടിച്ചുവാങ്ങിയിരുന്നു.
തുടർന്ന് രണ്ടു ദിവസക്കാലം വീട്ടിൽ താമസിപ്പിച്ച ശേഷം ഇയാൾ നിരന്തരമായി തന്റെ മകൻ പ്രണയിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് തന്റെ സുഹൃത്തായ ശക്തിവേലിന്റെ വീട്ടിൽ നിത്യാനന്ദൻ പെൺകുട്ടിയെ എത്തിച്ച് അവിടെയും ബലമായി പാർപ്പിച്ചു.
ശേഷം, വിവരമറിഞ്ഞ നിത്യാനന്ദന്റെ മകൻ മുകേഷ് കണ്ണൻ തന്റെ കാമുകിയെ രക്ഷപ്പെടുത്താനായി വീട്ടിലേക്ക് ഇരച്ചെത്തുകയും അവളെ രക്ഷിക്കുകയും ചെയ്തു. തുടർന്ന് കണ്ണൻ തന്റെ അച്ഛനെതിരെ വേദാരണ്യം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റകൃത്യം നടത്താൻ ഇയാളെ സഹായിച്ച രണ്ട് കൂട്ടാളികളെയും പൊലീസ് തേടുന്നുണ്ട്.
ഒരു ഐ.ടി.ഐയിൽ പഠിക്കുന്ന സമയത്താണ് പെൺകുട്ടിയും കണ്ണനും തമ്മിൽ പ്രണയത്തിലാകുന്നത്. തുടർന്ന് കുറച്ച് കാലമായി ഇരുവരും സ്പോർട്സ് ഉപകരണങ്ങൾ വിൽക്കുന്ന ഒരു കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. തുണിക്കട നടത്തുകയായിരുന്ന നിത്യാനന്ദൻ അടുത്തിടെയാണ് പെൺകുട്ടിയും തന്റെ മകനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിയുന്നത്.