കാഞ്ഞങ്ങാട്: കേരളത്തിൽ ഒരാൾക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന വുഹാനിൽ നിന്ന് എത്തിയ വിദ്യാർത്ഥിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
നിയമസഭയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രത്യേക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ കൂടുതൽ വൈറസ് ബാധ കേസുകൾക്ക് സാധ്യതയുണ്ടെന്നും, പൂനെ വൈറോളജി ലാബിൽ നിന്ന് ഫലങ്ങൾ വരാൻ കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 103 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു. അതിൽ ഒരാളുടെയാണ് ഇപ്പോൾ കൊറോണ പോസിറ്റീവായി വന്നിരിക്കുന്നത്.
ഞായറാഴ്ച സംസ്ഥാനത്ത് രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ചൈനയിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥി സംഘത്തിലുണ്ടായിരുന്ന, ആലപ്പുഴ സ്വദേശിയായ വിദ്യാർത്ഥിയിലാണ് ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാൻ സർവകലാശാലയിൽ വിദ്യാർത്ഥിനിയായ തൃശൂർ സ്വദേശിനിക്കാണ് ഇന്ത്യയിലെ ആദ്യത്തെ കൊറോണ രോഗം വ്യാഴാഴ്ച സ്ഥിരീകരിച്ചത്.