രാമേശ്വരം : ചിക്കൻ ബിരിയാണിക്ക് പകരം കാക്കബിരിയാണി വിളമ്പി പറ്റിക്കുന്ന സീനുകൾ സിനിമയിൽ കണ്ടിട്ടുണ്ടാവാം, എന്നാൽ ശരിക്കും കാക്കയെ കൊന്ന് ചിക്കൻ സ്റ്റാളിൽ വിൽപ്പന നടത്തിയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തിരിക്കുകയാണ് തമിഴ്നാട് പൊലീസ്. തമിഴ്നാട്ടിലെ രാമേശ്വരത്താണ് കാക്കകളെ കൊന്ന് ഇറച്ചിയെടുത്ത് വിൽപ്പന നടത്തിയതിന് രണ്ട് പേർ അറസ്റ്റിലായത്. മദ്യത്തിൽ കുതിർത്ത അരി നൽകിയാണ് യുവാക്കൾ കാക്കകളെ പിടികൂടിയിരുന്നത്. അരി കഴിച്ച് പറക്കാനാവാതെ കുഴങ്ങുന്ന കാക്കകളെ ചാക്കിലിട്ട് കെട്ടിയ ശേഷം ഇറച്ചിയെടുക്കാനായി കൊണ്ടു പോവുകയായിരുന്നു ഇവരുടെ രീതി. ഇവിടെയുള്ള ഒരു ക്ഷേത്രത്തിലെ വിശ്വാസികളാണ് കാക്കകളെ കൂട്ടത്തോടെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. റോഡുവക്കിൽ പ്രവർത്തിക്കുന്ന ഭക്ഷണ സ്റ്റാളുകളിലാണ് കോഴി ഇറച്ചി എന്ന പേരിൽ വിലകുറച്ച് കാക്ക ഇറച്ചി യുവാക്കൾ വിതരണം ചെയ്തിരുന്നത്. സംശയം തോന്നാതിരിക്കുന്നതിനായി കോഴിയിറച്ചിയോടൊപ്പം ചേർത്താണ് കാക്ക ഇറച്ചി നൽകിയിരുന്നത്. ഇതിന് മുൻപും ചെന്നൈയിലെ തട്ടുകടകളിൽ പൂച്ചയുടെ ഇറച്ചി ബിരിയാണിയിൽ ചേർത്ത് വിൽക്കുന്നത് കണ്ടെത്തിയിരുന്നു. മൃഗസംരക്ഷകരുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൂട്ടിലടച്ച നിലയിൽ പതിനാറോളം പൂച്ചകളെ കണ്ടെത്തിയിരുന്നു. വീട്ടിൽ ഓമനിച്ച് വളർത്തുന്ന പൂച്ചകളെ വരെ തട്ടിക്കൊണ്ടു പോയി കറിവച്ച് വിൽപ്പന നടത്തിയ സംഘത്തെ 2016ൽ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.