തൃശൂർ: കന്നുകാലികളിൽ നിന്നും മനുഷ്യനിലേക്ക് കൊറോണ രോഗം പകരാനുള്ള സാദ്ധ്യത നന്നേ കുറവാണെന്ന് കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിലെ വിദഗ്ദർ. മാംസാഹാരം കഴിക്കുമ്പോൾ ഇത് സംബന്ധിച്ചുള്ള അനാവശ്യ ഭീതി ഒഴിവാക്കേണ്ടതാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ കണ്ടെത്തിയ ശ്രേണിയിലുള്ള കൊറോണ വൈറസ് കന്നുകാലികളിൽ നിന്നും നിന്നും മനുഷ്യനിലേക്ക് പകർന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സർവകലാശാല വൈസ് ചാൻസലർ എം.ആർ ശശീന്ദ്രനാഥും പറയുന്നു.
ചൈനയിൽ പാമ്പുകളിൽ നിന്നുമാണ് ഈ രോഗമെത്തിയതെന്ന പ്രാഥമിക നിഗമനം തെറ്റായിരുന്നു എന്നും വാവാലുകളിൽ നിന്നുമാണ് ഇത് മനുഷ്യനിലേക്ക് എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ വനത്തിലും കാടുകളിലും സഞ്ചരിച്ച് വേട്ടയാടിപിടിച്ച മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നവർക്ക് രോഗം പിടികൂടാൻ സാദ്ധ്യതയുണ്ടെന്നാണ് ശശീന്ദ്രനാഥ് പറയുന്നത്. അതേസമയം. ചിക്കൻ, ബീഫ്, മട്ടൻ, താറാവ് എന്നിവ കഴിക്കുന്നവർക്ക് രോഗം വരാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മാംസഭക്ഷണം നന്നായി പാകം ചെയ്തുവേണം കഴിക്കേണ്ടതെന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു. നിലവിൽ രണ്ട് ശ്രേണിയിൽ പെട്ട കൊറോണ വൈറസുകളിലാണ്(ബൊവീൻ കൊറോണ വൈറസ്, ഏവിയൻ കൊറോണ വൈറസ്) പഠനങ്ങൾ നടക്കുന്നതെന്നും കന്നുകാലികളെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മനുഷ്യരിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഇതുവരെ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും ഈ രോഗം രാജ്യത്ത് ആദ്യമായി കാണപ്പെടുന്നത് കൊണ്ടാണിതെന്നും സർവകലാശാല വൈസ് ചാൻസലർ പറയുന്നു.