ബെയ്ജിംഗ്: കൊറോണ വെെറസ് ബാധിച്ച് ചെെനയിൽ മരിച്ചവരുടെ എണ്ണം 361ആയി ഉയർന്നിരിക്കുന്നു. ഇപ്പോഴും നിരവധിപേർ നിരീക്ഷണത്തിലാണ്. പൊതുജനങ്ങൾക്ക് കർശന നിർദേശങ്ങളാണ് ഭരണകൂടം നൽകുന്നത്. പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. പ്രതിരോധ മുൻകരുതലുകളെ കുറിച്ച് കൃത്യമായ നിർദേശം നൽകാൻ ആളില്ലാ ചെറുവിമാനമായ ഡ്രോണുകളെ നിയോഗിച്ചിരിക്കുകയാണ് ചൈന.
ആരെങ്കിലും മാസ്ക് ധരിക്കാതെയോ മറ്റ് നിർദേശങ്ങൾ പാലിക്കാതെയോ പുറത്തിറങ്ങിയാൽ ഉടൻ പിന്നാലെ ഡ്രോൺ എത്തും. മാസ്ക് ധരിക്കാനും മുൻകരുതലെടുക്കാനും നിർദേശം നൽകും. ഇതുസംബന്ധിച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയ വയോധികയോട് വീട്ടിലേക്ക് മടങ്ങാനും മാസ്ക് ധരിക്കാനും ആവശ്യപ്പെടുന്നത് കാണാം.
Walking around without a protective face mask? Well, you can't avoid these sharp-tongued drones! Many village and cities in China are using drones equipped with speakers to patrol during the #coronavirus outbreak. pic.twitter.com/ILbLmlkL9R
— Global Times (@globaltimesnews) January 31, 2020
വാഹനത്തിൽ മൂടിയ മഞ്ഞ് നീക്കാൻ ശ്രമിക്കുന്ന ഒരാളോട് ഈ ജോലി പിന്നീട് ചെയ്യാമെന്നും നിലവിലെ സാഹചര്യത്തിൽ വീട്ടിലിരിക്കൂവെന്നും നിർദേശിക്കുന്നുണ്ട്. പിങ്ക് വസ്ത്രം ധരിച്ച ബൈക്ക് യാത്രികൻ മാസ്ക് ധരിക്കൂവെന്ന് മറ്റൊരു വിഡിയോയിൽ നിർദേശിക്കുന്നത് കേൾക്കാം. ഡ്രോൺ കാമറ പകർത്തുന്ന ചിത്രങ്ങൾ വിശകലനം ചെയ്താണ് നിർദേശങ്ങൾ നൽകുന്നത്.
അതേസമയം, ചെെനയിൽ പുതുതായി 2829 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 17205 ആയി ഉയർന്നെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണം ഫിലിപ്പിൻസിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. മരണമടഞ്ഞയാൾ ചൈനയിലെ വുഹാൻ സ്വദേശിയാണ്. ഇക്കാര്യം ലോകാരോഗ്യ സംഘടനയും സ്ഥിരീകരിച്ചിട്ടുണ്ട്. മരണമടഞ്ഞയാൾ ഉൾപ്പെടെ രണ്ടുപേർക്കാണ് ഫിലിപ്പിൻസിൽ കൊറോണ ബാധിച്ചത്.