
തൃശൂർ: വീട്ടുകാർ വിലക്കിയിട്ടും ബന്ധുവിന്റെ വിവാഹത്തിന് പോകുമെന്ന് നിർബന്ധം പിടിച്ച ചൈനയിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിനിയെ ഒടുവിൽ കളക്ടർ നേരിട്ടെത്തി സമാശ്വസിപ്പിച്ചു. തൃശൂർ ജില്ലയിലാണ് ചൈനയിലെ വുഹാനിൽ നിന്നെത്തിയ പെൺകുട്ടിയെ കാണാനാണ് കളക്ടർ നേരിട്ടെത്തിയത്. കൊറോണ ഭീതി കാരണം ചൈനയിൽ നിന്നും വന്നിട്ടുള്ള വരെ നിശ്ചിത ദിവസം മറ്റുള്ളവരിൽ നിന്നും മാറ്റി പാർപ്പിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. വിവാഹം അടക്കമുള്ള ചടങ്ങിൽ പങ്കെടുക്കരുതെന്ന് ആരോഗ്യമന്ത്രി നേരിട്ടും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഉറ്റ ബന്ധുവിന്റെ വിവാഹത്തിന് എന്തായാലും പങ്കെടുക്കുമെന്ന പിടിവാശിയിലായിരുന്നു വിദ്യാർത്ഥിനി. കഴിഞ്ഞ ദിവസമായിരുന്നു ഈ വിവാഹം നടന്നത്. പെൺകുട്ടിയുടെ നിർബന്ധത്തെ തുടർന്ന് മാതാപിതാക്കൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കളക്ടറും ഡി എം ഒയും പെൺകുട്ടിയെ ബോധവത്കരിക്കാൻ വീട്ടിലെത്തി. കളക്ടറുടെ നിർദ്ദേശങ്ങൾക്ക് ഒടുവിൽ വിവാഹത്തിന് പോകാൻ തുനിഞ്ഞ പെൺകുട്ടി പിന്മാറി.