teacher

കൊൽക്കത്ത: സ്‌കൂൾ അദ്ധ്യാപികയെയും അവരുടെ സഹോദരിയെയും കെട്ടിയിട്ട ശേഷം പൊതുനിരത്തിലൂടെ വലിച്ചിഴച്ച് മർദ്ദിച്ച സംഘത്തിന് നേതൃത്വം നൽകി തൃണമൂൽ കോൺഗ്രസ് നേതാവ് അമൽ സർക്കാർ. ഗംഗാറാംപൂരിലെ ഫത്തേഹ് നഗർ ഗ്രാമത്തിലാണ് സംഭവം നടന്നത്.

തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലം റോഡ് നിർമാണത്തിനായി പഞ്ചായത്തിന് വിട്ടുനൽകാൻ ഇവർ വിസ്സമ്മതിച്ചതിനാണ് ഇത്തരത്തിൽ പാർട്ടി നേതാവിന്റെ നേതൃത്വത്തിൽ ഏതാനും പുരുഷന്മാർ സംഘം ചേർന്ന് ഇവരെ ഉപദ്രവിച്ചത്. ഇവരെ ക്രൂരമായി മർദ്ധിക്കുന്നതിന്റെയും പൊടി നിറഞ്ഞ നിരത്തിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പഞ്ചായത്തിൽ അധികാരമുള്ളയാളാണ് അമൽ സർക്കാർ.

സ്‌മൃതികോണ ദാസ് എന്ന അദ്ധ്യാപികയെയും ഇവരുടെ സഹോദരിയായ സോമ ദാസിനെയുമാണ് ആൾക്കൂട്ടം വഴിയിലൂടെ വലിച്ചിഴച്ചതും മർദ്ധിച്ചതും. ഇരുവർക്കും ഇരുപതുകളിലാണ് പ്രായം. തുടക്കത്തിൽ റോഡിനായി 12 അടി സ്ഥലം മാത്രം നൽകിയാൽ മതിയെന്നാണ് പഞ്ചായത്ത് ഇവരോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് 24 അടി നൽകണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടതോടെയാണ് ഇവർ എതിർത്തത്.

തുടർന്ന് ബുൾഡോസറുകളും റോഡ് റോളറുകളും റോഡിന്റെ ജോലികൾ ആരംഭിക്കാനാണ് എത്തിയപ്പോഴും ഇവർ അതിനെ എതിർത്തു. ശേഷം ആൾക്കൂട്ടം ഇവരെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. സംഭവത്തെ തുടർന്ന് തൃണമൂൽ നേതാവിനെ തന്റെ അധികാരത്തിൽ നിന്നും പാർട്ടി പുറത്താക്കിയിട്ടുണ്ട്. സ്‌മൃതികോണ ദാസ് ഇയാൾക്കെതിരെ പൊലീസ് കേസും നൽകിയിരുന്നു.