നരസിംഹം പോലുള്ള സിനിമകൾ തീർത്തും കച്ചവടതാത്പര്യത്തിന്റെ പുറത്താണ് രൂപപ്പെട്ടതെന്നും അതിന് പോഷകങ്ങളായി മാടമ്പിത്തരവും സവർണമേധാവിത്വവുമെല്ലാം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് സംവിധായകൻ രഞ്ജിത്ത്. സിനിമ ചിലപ്പോഴൊക്കെ ആളെപ്പറ്റിക്കലാണ്. സിനിമയിലെ വഷളത്തരങ്ങൾ ജീവിതത്തിലേക്ക് ആവിഷ്‌കരിക്കാൻ ശ്രമിച്ചവർ പറ്റിക്കപ്പെട്ടുവെന്ന് കരുതിയാൽ മതിയെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
'ഒരുകാലത്ത് ജീവിക്കാനുള്ള വക കണ്ടെത്തുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് താൻ എഴുതിയിരുന്നതെന്ന് രഞ്ജിത്ത് ഓർമിക്കുന്നു. ഇന്ന് നല്ല സിനിമകൾ ചെയ്യാനാണ് ആഗ്രഹം. സാമ്പത്തികമായി അത്തരം സിനിമകൾ വിജയിക്കണമെന്നില്ല. കയ്യൊപ്പ് എന്ന സിനിമയ്ക്ക് 15 ലക്ഷം രൂപമാത്രമാണ് കേരളത്തിൽ നിന്ന് കളക്ഷൻ കിട്ടിയതെന്ന് രഞ്ജിത്ത് പറയുന്നു. സാമ്പത്തിക നഷ്ടത്തിനിടയിലും അത്തരം സിനിമകളിലൂടെ തനിക്കും ചുരുക്കം ചിലർക്കെങ്കിലും സംതൃപ്‌തി ലഭിക്കുന്നുണ്ടെങ്കിൽ അത് താൻ ആസ്വദിക്കുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു.
മോഹൻലാലിന് ഏറ്റവും ഇഷ്‌ടപ്പെട്ട മമ്മൂട്ടി സിനിമയാണ് പ്രാഞ്ചിയേട്ടൻ. പക്ഷേ ആ സിനിമ എടുക്കുന്നതിൽ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. ദൈവത്തിന്റെ ഭാഷയേത്? മനുഷ്യർ പറയുന്നത് ദൈവത്തിന് മനസിലാകുന്നുണ്ടോ തുടങ്ങിയ കുസൃതി ചിന്തകളിൽ നിന്നാണ് സിനിമ രൂപപ്പെട്ടതെന്ന് രഞ്ജിത്ത് വ്യക്തമാക്കി. മാതൃഭൂമി ലിറ്റററി ഫെസ്‌റ്റിവലിൽ പങ്കെടുക്കവെയാണ് രഞ്ജിത്ത് മനസു തുറന്നത്.