isolation-ward

ഭോപ്പാൽ: കൊറോണ വൈറസ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ടുപേരെ കാണാതായി. മദ്ധ്യപ്രദേശിലാണ് സംഭവം. വുഹാനിൽ നിന്ന് നാട്ടിലെത്തിയ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് കാണാതായവരിൽ ഒരാൾ.

ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ് വുഹാൻ സർവകലാശാലയിലെ വിദ്യാർത്ഥിയായ ഇയാൾ ചികിത്സ തേടി ആശുപത്രിയിലെത്തിയത്. കൊറോണ ലക്ഷണങ്ങൾ കണ്ടതിനാൽ ഐസൊലേഷൻ വാർഡിലാണ് യുവാവിനെ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിന് മുമ്പ് ഇയാളെ കാണാതാവുകയായിരുന്നു.

കാണതായ മറ്റൊരാൾ ചൈനയിൽ നിന്ന് മൂന്ന് ദിവസം മുമ്പ് ജബൽപൂരിലെത്തിയ വ്യക്തിയാണ്. ഇയാളും ഐസൊലേഷൻ വാർഡിലായിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായി അധികൃതർ അറിയിച്ചു.

അതേസമയം കേരളത്തിൽ ഒരാൾക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന വുഹാനിൽ നിന്ന് എത്തിയ വിദ്യാർത്ഥിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിയമസഭയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രത്യേക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.