ഭോപ്പാൽ: പ്രേമത്തിന് കണ്ണും മൂക്കും ചിലപ്പോൾ തലച്ചോറും ഇല്ലെന്നാണ് പൊതുവെ പറയാറ്. ഒരുപക്ഷെ അതുകൊണ്ട് തന്നെയാകും കൊറോണ രോഗഭീതി ലോകത്തെയാകെ പിടിമുറുക്കിയിരിക്കുന്ന വേളയിലും ചൈനാക്കാരിയായ തന്റെ പ്രണയിനിയെ സ്വന്തമാക്കാൻ മധ്യപ്രദേശിലെ മാൻസൗർ സ്വദേശിയായ സത്യാർത്ഥ മിശ്ര ഒട്ടും മടിക്കാതിരുന്നത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് ക്യാനഡയിൽ പഠിക്കുമ്പോഴാണ് സിഹാവോ വാങ്ങും സത്യാർത്ഥ മിശ്രയും തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാകുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.
ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ രോഗബാധ ലോകമെങ്ങും ഭീതി വിതയ്ക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകളോട് കൂടിയാണ് ഇരുവരുടെയും വിവാഹം നടന്നത്. സിഹാവോയെ കൂടാതെ സിഹാവോയുടെ അച്ഛനും അമ്മയും രണ്ടു ബന്ധുക്കളും കൂടി വിവാഹത്തിന് എത്തിയിരുന്നു. വധുവും ബന്ധുക്കളും ഇന്ത്യയിൽ വിമാനമിറങ്ങിയപ്പോൾ മുതൽ ഇവർ ആറ് പേരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിനാണ്. പ്രാഥമിക പരിശോധനകളും ദിവസവും നടക്കുന്ന പരിശോധനകളിലും ഇവരിൽ ആരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
വിവാഹമായിട്ടും പരിശോധനകൾക്ക് പൂർണമായി സഹകരിക്കുകയാണ് സിഹാവോയും ബന്ധുക്കളും. പരിശോധനാ സമയത്തൊന്നും ഇവർ യാതൊരു തരത്തിലും അക്ഷമയോ അതൃപ്തിയോ കാണിച്ചില്ലെന്നും പരിശോധനകൾക്ക് പൂർണമായും സഹകരിക്കുകയാണ് ഉണ്ടായതെന്നും നിരീക്ഷണ സംഘത്തിലെ അംഗവും മാൻസൗർ ജില്ലാ ആശുപത്രിയിലെ സിവിൽ സർജനുമായ ഡോക്ടർ എ.കെ മിശ്ര പറഞ്ഞു. ജനുവരി 29ന് തങ്ങൾ മാൻസൗറിൽ എത്തുന്നതിന് മുൻപ് ഇന്ത്യയിലെ ചില സ്ഥലങ്ങൾ സന്ദർശിച്ചിരുന്നുവെന്നും ഇനി കുറച്ചുകൂടി സ്ഥലങ്ങൾ സന്ദർശിക്കാനുണ്ടെന്നും വധു പറയുന്നു.