lift-

വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് കയറുന്ന നിരവധി പേരെ യാത്ര ചെയ്യുമ്പോൾ നാം കാണാറുണ്ട്. ഉപദ്രവമില്ലാത്ത ഒരു ഉപകാരം എന്ന നിലയിൽ ലിഫ്റ്റ് നൽകുന്നവരും നിരവധിയാണ്. എന്നാൽ മനുഷ്യന്റെ നന്മയെ ചൂഷണം ചെയ്ത് ജീവിച്ചിരുന്ന ഇരുപത്തിരണ്ട് കാരനെ കുറിച്ചുള്ള വിവരം പങ്കുവയ്ക്കുകയാണ് കേരള പൊലീസ്. പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഡേവിഡ് എന്ന ചെറുപ്പക്കാരൻ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് യാത്രചെയ്ത് പണം അപഹരിക്കുന്ന വിവരം പങ്കുവയ്ക്കുന്നത്. അപരിചിതർക്ക് ലിഫ്റ്റ് കൊടുക്കുമ്പോൾ ശ്രദ്ധിക്കുക എന്ന തലക്കെട്ടിലാണ് ഈ മോഷണത്തെക്കുറിച്ച് പൊലീസ് പറയുന്നുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ഡേവിഡ് ഇത്തരത്തിൽ ലിഫ്റ്റ് ചോദിച്ച് കയറി നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ള ചെറുപ്പക്കാരനെ കഴിഞ്ഞ ദിവസമാണ് പുതുക്കാട് പോലീസ് അറസ്റ്റുചെയ്തത്.

പുതുക്കാട് സെന്ററിലും പാലിയേക്കര ടോൾപ്ലാസയിലും നിന്നാണ് ഇയാൾ ബൈക്കുകളിൽ ലിഫ്റ്റ് ചോദിച്ച് കയറുന്നത്. പിറകിൽ ബാഗുമായി വരുന്ന ബൈക്ക് യാത്രക്കാരെ കേന്ദ്രീകരിച്ചാണ് ആസൂത്രണം ചെയ്തിരുന്നത്.ബാഗിൽനിന്ന് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കവർന്നയുടനെ ബൈക്ക് യാത്രക്കാർക്ക് സംശയം തോന്നാത്തരീതിയിൽ പാതിവഴിയിൽ ഇറങ്ങുകയാണ് പതിവ്. പുതുക്കാട് സ്റ്റേഷനിൽ മാത്രം ആറുപേരുടെ പണം കവർന്നതായി പരാതിയുണ്ട്. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് യുവാവിലേക്ക് പൊലീസിന്റെ അന്വേഷണം എത്താൻ കാരണമായത്. മോഷണത്തിലൂടെ ലഭിക്കുന്ന പണംകൊണ്ട് ആഡംബര ബൈക്ക് വാടകയ്‌ക്കെടുത്ത് സുഖവാസകേന്ദ്രങ്ങളിൽ കൂട്ടുകാരുമൊത്ത് കറങ്ങിനടക്കുകയാണ് ഇയാളുടെ പതിവ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


പുതുക്കാട് ദേശീയപാതയിൽ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി, യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നയാളെ പുതുക്കാട് പോലീസ് അറസ്റ്റുചെയ്തു. പുതുക്കാട് തെക്കേതൊറവ് പണ്ടാരി വീട്ടിൽ ഡേവിഡ് (22) ആണ് അറസ്റ്റിലായത്.. കഴിഞ്ഞ രണ്ടുവർഷമായി ഡേവിഡ് ഇത്തരം നിരവധി മോഷണങ്ങൾ നടത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് നെല്ലായി സ്വദേശി നിധിന്റെ ബാഗിൽനിന്ന് 14000 രൂപ മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്.പുതുക്കാട് സെന്ററിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളാണ് ഇയാളെ കുടുക്കിയത്.പുതുക്കാട് സെന്ററിലും പാലിയേക്കര ടോൾപ്ലാസയിലും നിന്നാണ് ഇയാൾ ബൈക്കുകളിൽ ലിഫ്റ്റ് ചോദിച്ച് കയറുന്നത്. പിറകിൽ ബാഗുമായി വരുന്ന ബൈക്ക് യാത്രക്കാരെ കേന്ദ്രീകരിച്ചാണ് ആസൂത്രണം ചെയ്തിരുന്നത്.ബാഗിൽനിന്ന് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കവർന്നയുടനെ ബൈക്ക് യാത്രക്കാർക്ക് സംശയം തോന്നാത്തരീതിയിൽ പാതിവഴിയിൽ ഇറങ്ങുകയാണ് പതിവ്. പുതുക്കാട് സ്റ്റേഷനിൽ മാത്രം ആറുപേരുടെ പണം കവർന്നതായി പരാതിയുണ്ട്.

പുതുക്കാട് പോലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷിക്കുന്നതിനിടെയാണ് നിരീക്ഷണ ക്യാമറയിൽനിന്ന് ഇയാളുടെ ദൃശ്യങ്ങൾ ലഭിച്ചത്. 5000 മുതൽ 50000 രൂപ വരെ പല ബൈക്ക് യാത്രക്കാരിൽനിന്നായി മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതി പോലീസിന് മൊഴി നൽകി. കഴിഞ്ഞദിവസം ആലുവ ദേശത്തുള്ള ബൈക്ക് യാത്രക്കാരന്റെ പണം കവർന്നതും ഇയാളാണെന്ന് പോലീസ് പറഞ്ഞു.ഇങ്ങനെ ലഭിക്കുന്ന പണംകൊണ്ട് ആഡംബര ബൈക്ക് വാടകയ്‌ക്കെടുത്ത് സുഖവാസകേന്ദ്രങ്ങളിൽ കൂട്ടുകാരുമൊത്ത് കറങ്ങിനടക്കുകയാണ് ഇയാളുടെ പതിവ്.