ബീജിംഗ്: കൊറോണ ഭീതിയ്ക്കിടെ ചൈനയിൽ നിന്നൊരു ശുഭവാർത്ത. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതി പെൺകുഞ്ഞിന് ജന്മം നൽകിയെന്നും, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നുമുള്ള സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എൻഇ ചൈനയുടെ ഹീലോംഗ്ജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാർബിനിലാണ് സംഭവം.
കഴിഞ്ഞമാസം 30നാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൈന ഡെയിലി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. കുട്ടിയുടെ ചിത്രവും ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 361 ആയി. 57 പേരാണ് ഇന്നലെ മാത്രം മരിച്ചത്. പുതുതായി 2829 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 17205 ആയി ഉയർന്നെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ഇന്ത്യ, യു.എസ്, റഷ്യ, ബ്രിട്ടൻ ഉൾപ്പെടെ 25 രാജ്യങ്ങളിലുള്ളവർക്ക് വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. യു.എ.ഇയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.