താരസംഘടനയായ അമ്മയുടെ മീറ്റിംഗിൽ സംസാരിച്ചതിന്റെ പേരിൽ എല്ലാവരുംകൂടി തന്നെ 'ബാത്ത് റൂം പാർവതി'യാക്കിയെന്ന് നടി പാർവതി തിരുവോത്ത്. 2014ൽ ആയിരുന്നു സംഭവമെന്നും, സിനിമാ സെറ്റുകളിലെ സാനിട്ടേഷനെ കുറിച്ച് സംസാരിക്കവെയാണ് അത്തരത്തിലൊരു ഇരട്ടപ്പേര് തനിക്ക് വീണതെന്ന് പാർവതി പറയുന്നു. കേരളകൗമുദി ഫ്ളാഷ് മൂവീസിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പാർവതി മനസു തുറന്നത്.
പാർവതിയുടെ വാക്കുകൾ-
കാലാകാലങ്ങളായി ചില ശീലങ്ങൾ നമ്മൾ കണ്ടില്ലെന്ന് നടിക്കും. ഉദാഹരണത്തിന് സെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങൾ. ഇത്രയും വരുമാനമുണ്ടാക്കുന്ന ഒരു ഇൻഡസ്‌ട്രിയിൽ ഇതെല്ലാം നിയമം മൂലം തടയേണ്ടതാണ്. അതുപോലെ സാനിട്ടേഷൻ പ്രശ്‌നങ്ങൾ. 2014ൽ ഇതേക്കുറിച്ച് എ.എം.എം.എയുടെ മീറ്റിംഗിൽ സംസാരിച്ചപ്പോൾ എനിക്ക് ബാത്‌റൂം പാർവതി എന്ന ഇരട്ടപ്പേര് വീണു. ഞാനത് ശ്രദ്ധിച്ചില്ല. പക്ഷേ ഇപ്പോൾ ഒരു സെറ്റിൽ ഒരു വാനിറ്റി വാനെങ്കിലും വന്നിട്ടുണ്ട്. ഇത്തരം ചർച്ചകൾക്ക് വഴി തുറക്കുകയാണ് ഡബ്ല്യു.സി.സി ചെയ്യുന്നത്. ഇനിയും എ.എം.എം.എയുടെ ജനറൽ ബോഡിയിൽ പോയി സംസാരിക്കും. പിന്നാലെ വരുന്ന കുട്ടികൾക്ക് ഇതിന് വേണ്ടി പോരാടേണ്ടി വരരുത്.
അഭിമുഖത്തിന്റെ പൂർണരൂപം ഫെബ്രുവരി ലക്കം ഫ്ളാഷ് മൂവീസിൽ.