ന്യൂഡൽഹി : ആഞ്ഞടിച്ച ചുഴലി കൊടുങ്കാറ്റിൽ നിന്നും കരകയറാൻ മഡഗാസ്‌കറിന് സഹായവുമായി ഇന്ത്യ. ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള സാമഗ്രികളുമായി ഇന്ത്യ അയച്ച യുദ്ധകപ്പൽ ഐ.എൻ.എസ് ഐരാവത് മഡഗാസ്‌കറിൽ നങ്കൂരമിട്ടു. ആപത്തിൽപെട്ട മഡഗാസ്‌കറിന് സഹായവുമായി എത്തിയ ആദ്യ രാജ്യം ഇന്ത്യയാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ട്വീറ്റ് ചെയ്തു. ഓപ്പറേഷൻ വാനില എന്ന പേരിലാണ് വാനിലയുടെ സ്വദേശമായ മഡഗാസ്‌കറിലേക്ക് ഇന്ത്യൻ നേവി രക്ഷാപ്രവർത്തനം ഒരുക്കിയത്.
മഡഗാസ്‌കർ ദ്വീപിന്റെ കിഴക്കൻ തീരത്ത് ആഞ്ഞടിച്ച ചുഴലികാറ്റിൽ മുപ്പത് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഒരു ലക്ഷത്തോളം പേരുടെ ജീവിതത്തെ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. ദുരിതാശ്വാസത്തിനുള്ള സാധനങ്ങളുമായെത്തിയ ഇന്ത്യൻ കപ്പലിനെ മഡഗാസ്‌കർ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു. ഇന്ത്യൻ അംബാസിഡറിൽ നിന്നും സാധനങ്ങൾ കൈപ്പറ്റിയ അദ്ദേഹം ഇന്ത്യ കാത്തുസൂക്ഷിച്ച ഐക്യദാർഢ്യത്തിനും സാഹോദര്യത്തിനും നന്ദി എഴുതി നൽകുകയും ചെയ്തു.
ചുഴലികൊടുങ്കാറ്റ് തരിപ്പണമാക്കിയ ദ്വീപിനെ സഹായിക്കണമെന്ന് കഴിഞ്ഞ മാസം അവസാനമാണ് മഡഗാസ്‌കർ പ്രസിഡന്റ് ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രത്തിലേക്ക് ഉടൻ തന്നെ ദുരിതാശ്വാസ സാമഗ്രികളുമായി കാലാവസ്ഥപോലും അവഗണിച്ച് ഇന്ത്യൻ യുദ്ധക്കപ്പൽ കുതിച്ചെത്തുകയായിരുന്നു.