ബീജിംഗ്: കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള വിവരങ്ങൾ ചൈന മറച്ചുവയ്ക്കുകയാണോ? ഇന്ത്യക്കാരുൾപ്പെടെ ചൈനയിൽ താമസിക്കുന്നവർ ആശങ്കയോടെ കഴിയുമ്പോഴും കാര്യമായി വിവരങ്ങൾ പുറത്തുവരുന്നില്ല. കേന്ദ്ര സർക്കാരിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായി വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരെ കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലെത്തിക്കാനായി. കൊറോണ വൈറസിനെ തടയാൻ എല്ലാ മുൻകരുതലും പ്രതിരോധവും എടുത്തുവെന്ന് പറയുമ്പോഴും അതുസംബന്ധിച്ച കാര്യമായ വാർത്തകളൊന്നും ചൈനയിൽ നിന്ന് പുറത്തുവരുന്നില്ല.
മരണ നിരക്കുകളിലും അസുഖബാധിതരുടെ കാര്യത്തിലുമെല്ലാം ശരിയായ കണക്കുകളാണോ പുറത്തുവരുന്നത് എന്നുപോലും ചില ഭാഗങ്ങളിൽ നിന്ന് സംശയങ്ങൾ ഉയരുന്നുണ്ട്. പൊതുവേ രഹസ്യങ്ങൾ സൂക്ഷിക്കുന്നതിൽ മിടുക്ക് കാട്ടാറുള്ള ചൈന ഇക്കാര്യത്തിലും വസ്തുതകൾ മറച്ചുവയ്ക്കുകയാണോ? എവിടെ നിന്നാണ് കൊറോണ ബാധയുടെ ഉത്ഭവം എന്നകാര്യംപോലും ഇതുവരെ ചൈനവിട്ട് പുറത്തുവന്നിട്ടില്ല. ഇപ്പോൾ വരുന്നതെല്ലാം അഭ്യൂഹങ്ങൾ മാത്രം. അത് നിഷേധിക്കാനോ, സമ്മതിക്കാനോ ചൈന തയാറായിട്ടുമില്ല. കൊറോണ വൈറസ് ലാബിൽ നിന്ന് പുറത്തുചാടിയ ജൈവായുധമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും അതിനിടെയുണ്ടായി. എന്നിട്ടും പക്ഷേ, അതിനൊന്നും ഒരു സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
രാജ്യത്ത് വൈറസ് ബാധ നിയന്ത്രണ വിധേയമെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. പക്ഷേ, എങ്ങനെയാണ് രോഗ ബാധ നിയന്ത്രണവിധേയമാക്കിയതെന്ന വിവരം ലഭ്യമല്ല. വൈറസ് ബാധ സ്ഥിരീകരിച്ചവരെ പ്രത്യേക ആശുപത്രികളിലേക്കാണ് മാറ്റുന്നത്. വിദഗ്ദ്ധരടങ്ങിയ പ്രത്യേക മെഡിക്കൽ സംഘമാണ് ഇവരെ ചികിത്സിക്കുന്നതും. എന്നാൽ, അതിന്റെ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
അന്താരാഷ്ട്ര മാർഗരേഖകൾ അനുശാസിക്കുന്ന കൃത്യവും ശക്തവുമായ നടപടികൾ സ്വീകരിക്കുന്നു എന്നുമാത്രമേ ചൈനീസ് അധികൃതർ പറയുന്നുള്ളൂ. ലോകം മുഴുവൻ ഇൗ രോഗത്തിന്റെ ഭീതിയിലിരിക്കെ കൊറോണയെ പിടിച്ചുകെട്ടാൻ എന്തുമാർഗമാണ് പ്രയോഗിച്ചതെന്ന് പുറത്തുവിടേണ്ടതല്ലേ എന്ന ചോദ്യത്തിനൊന്നും ചൈനയെ സംബന്ധിച്ചിടത്തോളം ഒരു പ്രസക്തിയുമില്ല.
രോഗബാധിതരായ സ്വന്തംരാജ്യക്കാരെ കൊണ്ടുപോകാനെത്തുന്ന വിമാനങ്ങൾക്ക് ഇറങ്ങാനുള്ള അനുമതിപോലും പലപ്പോഴും ചൈന നൽകുന്നില്ല. രോഗം മറ്റുരാജ്യങ്ങളിലേക്ക് എത്തുന്നത് തടയാനാണിത് ചെയ്യുന്നതെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. കഴിഞ്ഞമാസം ഇരുപത്തിമൂന്നിനാണ് ഹുബെ പ്രവിശ്യയിലേക്കും പുറത്തേക്കുമുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയത്.