drishyam

നാഗ്പ്പൂർ: യുവാവിനെ കൊലപ്പെടുത്തി ഭക്ഷണശാലയ്ക്ക് പിന്നിലായി കുഴിച്ചു മൂടിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. ഹൽദിറാം കമ്പനിയിൽ ഇലക്ട്രീഷ്യനായിരുന്ന പങ്കജ് ദിലീപ് ഗിരംകാറാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ തപ്സിയിൽ കഴിഞ്ഞ ഡിസംബറിലാണ് കൊല നടന്നത്. കേസിലെ മുഖ്യപ്രതിയായ അമർസിംഗിന് പങ്കജിന്റെ ഭാര്യയുമായി ഉണ്ടായിരുന്ന രഹസ്യബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്. പങ്കജിനെ അമർസിംഗ് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം സ്വന്തം ഭക്ഷണശാലയ്ക്കുള്ളിൽ അയാളുടെ ബൈക്കിനൊപ്പം കുഴിച്ചു മൂടകയായിരുന്നു.

തന്റെ ഭാര്യയും അമർസിംഗുമായുള്ള പ്രണയ ബന്ധം അവസാനിപ്പിക്കുന്നതിനായി വാർദ്ധയിലേക്ക് പങ്കജ് അടുത്തിടെ താമസം മാറ്റിയിരുന്നു. താൻ അവിടേക്ക് എത്തിയ ശേഷവും ഭാര്യയും കാമുകനും തമ്മിലുള്ള ബന്ധം തുടരുന്നുണ്ടെന്നറിഞ്ഞ പങ്കജ് ഡിസംബർ 28ന് അമർസിംഗിനെ കാണാനെത്തി. തുടർന്ന് ഇവർ തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ അമർസിംഗ് പങ്കജിന്റെ തലയ്ക്കടിക്കുകയും അടികൊണ്ട ഇയാൾ തൽക്ഷണം മരണപ്പെടുകയുമായിരുന്നു.

തന്റെ ഭക്ഷണശാലയ്ക്ക് പിന്നിലായി വലിയൊരു കുഴിയെടുത്ത ശേഷം തന്റെ ഭക്ഷണശാലയിലെ പാചകക്കാരന്റേയും സുഹൃത്തിന്റേയും സഹായത്തോടെ പങ്കജിന്റെ ജഡം അയാളുടെ ബൈക്കിനൊപ്പം കുഴിച്ചുമൂടി. പത്തടിയോളം ആഴമുള്ള കുഴിയിൽ 50 കിലോഗ്രാം ഉപ്പിട്ട ശേഷമാണ് ശവശരീരം മറവ് ചെയ്യപ്പെട്ടത്. തനിക്കെതിരെയുള്ള തെളിവുകൾ പൂർണമായും നശിപ്പിക്കുന്നതിനായി പങ്കജിന്റെ മൊബൈൽ ഫോൺ അമർസിംഗ് രാജസ്ഥാനിലേക്ക് പോയ ട്രക്കിൽ ഉപേക്ഷിക്കുകയും ചെയ്തു.

പങ്കജ് മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസും ക്രൈം ബ്രാഞ്ചും ചേർന്ന് സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. തുടർച്ചയായ ചോദ്യം ചെയ്യലിലാണ് അമർസിംഗ് കുറ്റം സമ്മതിച്ചത്. പാചകക്കാരന്‍ മനോജ് എന്ന രാംപ്രവേശ് തിവാരിയും അമർസിങ്ങിന്റെ സുഹൃത്തായ തുഷാർ രാകേഷ് ഡോംഗ്രേയുമാണ് കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾ.

അജയ് ദേവ്ഗൺ നായകനായ ദൃശ്യംഎന്ന സിനിമയാണ് കൊലപാതകം മറയ്ക്കാനുള്ള ശ്രമങ്ങൾക്ക് പ്രചോദനമായതെന്ന് അമർസിംഗ് മൊഴി നൽകിയിട്ടുണ്ട്. മലയാളത്തിൽ പുറത്തിറങ്ങിയ 'ദൃശ്യം' എന്ന മോഹൻലാൽ ചിത്രവും അതിന്റെ അനേകം ഇതര ഭാഷ പതിപ്പുകളും കൊലപാതകങ്ങൾക്ക് പ്രചോദനമാകുന്നുവെന്ന് നിരവധി തവണ വിമർശനങ്ങൾ ഉയർന്നിരുന്നു.