kumari-nayak

ഒഡിഷ: ഒരു ഗ്രാമം മുഴുവൻ ദുർമന്ത്രിവാദിയെന്ന് വിളിച്ച് ഒറ്റപ്പെടുത്തിയപ്പോൾ കുമാരി നായക്കെന്ന പാവം വൃദ്ധ ചിന്തിച്ചുപോലും കാണില്ല ഒരു നാൾ താൻ ലോകോത്തരമായ ഗിന്നസ് വേൾഡ് ഒഫ് റെക്കാഡ്സിന് ഉടമയാകുമെന്ന്.

ലോകത്ത് ഏറ്റവും കൂടുതൽ വിരലുകളുള്ള വ്യക്തിയെന്ന റെക്കാഡാണ് അറുപത്തിമൂന്നുകാരിയായ കുമാരി സ്വന്തമാക്കിയിരിക്കുന്നത്. ഇവർക്ക് 19 കാൽവിരലുകളും 12 കൈവിരലുകളുമാണ് ഉള്ളത്. പോളിഡാക്‌റ്റൈലിസം എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. എന്നാൽ, അമാനുഷിക ശക്തികളിൽ അമിതമായി വിശ്വാസമുള്ള ഗ്രാമവാസികൾ കുമാരിയെ ദു‌ർമന്ത്രവാദിനിയായി മുദ്രകുത്തി. ചെറുപ്പം മുതൽ തന്നെ ഗ്രാമവാസികൾ അവരെ തങ്ങളുമായി ഇടപഴകാൻ അനുവദിച്ചിരുന്നില്ല.

'ഞാൻ ജനിച്ചത് ഇങ്ങനെയാണ്. ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായത് കൊണ്ട് ചികിത്സിക്കാനും സാധിച്ചില്ല. എന്റെ വീടിനടുത്തുള്ളവരെല്ലാം അന്ധവിശ്വാസികളാണ്. ഞാൻ ഒരു മന്ത്രാവാദിനിയാണെന്നാണ് അവർ കരുതുന്നത്. അതുകൊണ്ട് എല്ലായ്‌പ്പോഴും അവർ എന്നെ മാറ്റി നിറുത്തിയിരുന്നു.' കുമാരി നായിക് പറയുന്നു.14 കാൽവിരലുകളും 14 കൈവിരലുകളുമുള്ള ദേവേന്ദ്ര സത്താർ ആയിരുന്നു കുമാരിക്ക് മുമ്പ് ഈ റെക്കാഡ് സ്വന്തമാക്കിയിരുന്നത്.

കുമാരി ഗിന്നസ് റെക്കാഡ്സ് നേടിയതോടെ സർക്കാർ അധികൃതർ അവരെ തേടിയെത്തി. പുതിയ വീടും അർഹതപ്പെട്ട പെൻഷനും നൽകാനും തീരുമാനമായി. ഗ്രാമവാസികളുടെ അടുത്ത് ഇതുസംബന്ധിച്ച് ബോധവത്കരണം നടത്താനും ഗ്രാമത്തിലെ ആരോഗ്യപ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്.