aswathy

തിരുവനന്തപുരം.തമിഴിലെയും മലയാളത്തിലെയും സാഹിത്യകൃതികൾ അന്യോന്യം വിവർത്തനം ചെയ്യുന്നത് ദ്രാവിഡ സംസ്‌കാരം ശക്തിപ്പെടുത്താൻ ഉപകരിക്കുന്ന സാംസാകാരിക ധർമ്മമാണെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി പറഞ്ഞു. തമിഴ് നോവലിസ്റ്റ് എസ്.രാമകൃഷ്ണൻ രചിച്ച് ശൈലജ രവീന്ദ്രൻ മലയാളത്തിൽ മൊഴിമാറ്റം നടത്തിയ യാമം എന്ന നോവൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി.മാധവൻ നായർക്ക് നൽകി സംസാരിക്കുകയായിരുന്നു അശ്വതി തിരുനാൾ.

ഡോ.എം.ആർ.തമ്പാൻ അദ്ധ്യക്ഷനായിരുന്നു.ഡോ.വിളക്കുടി രാജേന്ദ്രൻ,ഡോ.ബി.വി.ശശികുമാർ ,സുലേഖക്കുറുപ്പ്,നോവലിസ്റ്റ് എസ്.രാമകൃഷ്ണൻ,ശൈലജ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വിവർത്തനത്തിന് ഭാരത് ഭവൻ സ്‌പെഷ്യൽ ജൂറി അവാർഡ് നേടിയ ശൈലജ രവീന്ദ്രനെ യോഗം അഭിനന്ദിച്ചു.

shylaja

ശൈലജയുടെ പതിമ്മൂന്നാം വിവർത്തന ഗ്രന്ഥം

ശൈലജാ രവീന്ദ്രന്റെ 13ാമത്തെ വിവർത്തന ഗ്രന്ഥമാണ് തിരുവനന്തപുരത്ത് ലെവിഹാളിൽ നടന്ന ചടങ്ങിൽ പ്രകാശിതമായത്.തിരുക്കുറൾ,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ പൊൻനീലന്റെ കരിശൽ(കരിമണ്ണ്) പാമയുടെ കരിക്ക് (പനമുള്ള്),കണ്ണദാസന്റെ അർത്ഥമുള്ള ഹിന്ദുമതം തുടങ്ങിയവ ശൈലജ വിവർത്തനം ചെയ്ത പുസ്തകങ്ങളിൽ ഉൾപ്പെടുന്നു.പെരുമാൾ മുരുകന്റെ പൂക്കുഴി എന്ന പുസ്തകം ചിതാഗ്നി എന്ന പേരിൽ വിവർത്തനം ചെയ്തതിനാണ് ഇപ്പോൾ പുരസ്‌കാരം ലഭിച്ചത്.ഒരു നൊമ്പരം എന്ന കഥാസമാഹാരം,അമ്മാവനും ഐ.എസ്.ആർ.ഒ മുൻ ചെയർമാനുമായ ജി.മാധവൻ നായരെക്കുറിച്ച് എഴുതിയ അമ്പിളി അമ്മാവൻ എന്ന ജീവിതകഥ എന്നിവ ശൈലജയുടേതായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്. തൂത്തുക്കുടിയിൽ വ്യവസായിയായ രവീന്ദ്രന്റെ ഭാര്യയാണ്.ഡോ.ശരത് മകനും ഡോ.ആരതി മരുമകളമാണ്.സാത്വിക പേരക്കുട്ടിയാണ്.