കൊച്ചി: കേന്ദ്ര ബഡ്‌ജറ്രിന്റെ ആരവങ്ങൾ തണുത്തതോടെ, ഇനി ഏവരുടെയും ശ്രദ്ധ റിസർവ് ബാങ്കിന്റെ ധനനയ നിർണയത്തിലേക്ക്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതിയുടെ (എം.പി.സി) ത്രിദിന യോഗത്തിന് ഇന്ന് തുടക്കമാകും. ആറിന് ധനനയം പ്രഖ്യാപിക്കും. 2019-20ലെ അവസാന ധനനയമാണിത്.
ജി.ഡി.പി വളർച്ച നടപ്പുവർഷം ഏപ്രിൽ-ജൂൺപാദത്തിലെ അഞ്ചു ശതമാനത്തിൽ നിന്ന് ജൂലായ്-സെപ്‌തംബറിൽ ആറര വർഷത്തെ താഴ്‌ചയായ 4.50 ശതമാനത്തിലേക്ക് ഇടിഞ്ഞതിനാൽ പലിശ കുറയ്ക്കുമെന്ന് പൊതുവേ പ്രതീക്ഷിച്ചെങ്കിലും ഡിസംബറിൽ എം.പി.സി, നിരാശപ്പെടുത്തിയിരുന്നു. നാണയപ്പെരുപ്പം കൂടിത്തുടങ്ങിയത് ചൂണ്ടിക്കാട്ടി, അന്ന് മുഖ്യപലിശ നിരക്ക് നിലനിറുത്തി.
സെപ്‌തംബറിലെ 3.99 ശതമാനത്തിൽ നിന്ന് ഒക്‌ടോബറിൽ 4.62 ശതമാനത്തിലേക്ക് റീട്ടെയിൽ നാണയപ്പെരുപ്പം ഉയർന്നതാണ് പലിശ കുറയ്ക്കാതിരിക്കാൻ കാരണം. ഡിസംബറിൽ നാണയപ്പെരുപ്പം അഞ്ചരവർഷത്തെ ഉയരമായ 7.35 ശതമാനത്തിലാണുള്ളത്. അതുകൊണ്ട്, ഇക്കുറിയും പലിശ കുറയ്ക്കാൻ സാദ്ധ്യത കുറവ്. നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെയാണെങ്കിലേ പലിശ കുറയ്ക്കാൻ എം.പി.സി തയ്യാറാകൂ.
എല്ലാ യോഗത്തിലും പലിശ കുറയ്ക്കാനാവില്ലെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കുകയും ചെയ്‌തിരുന്നു. 2019ൽ മാത്രം റിപ്പോനിരക്ക് 1.35 ശതമാനം കുറച്ചിട്ടുണ്ട്. ഈ കുറവ് പ്രയോജനപ്പെടുത്താനാണ് നോക്കേണ്ടത്. സമ്പദ്‌വളർച്ചയ്ക്ക് കൂടുതൽ നടപടികൾ സർക്കാരാണ് എടുക്കേണ്ടതെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ ബഡ്‌ജറ്ര്, സമ്പദ്‌വളർച്ചയ്ക്ക് ഉണർവേകുന്നതാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയതിനാൽ, റിസർവ് ബാങ്ക് പലിശ കുറയ്ക്കാൻ സാദ്ധ്യത വിരളം.
പലിശ ഇപ്പോൾ
റിപ്പോ നിരക്ക് : 5.15%
റിവേഴ്‌സ് റിപ്പോ : 4.90%
സി.ആർ.ആർ : 4.00%
എം.എസ്.എഫ് : 5.40%
എസ്.എൽ.ആർ : 18.50%
ജി.ഡി.പി: എന്തു പറയും
റിസർവ് ബാങ്ക്?
ഡിസംബറിലെ യോഗത്തിൽ, ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ പ്രതീക്ഷ റിസർവ് ബാങ്ക് വെട്ടിക്കുറച്ചത് സമ്പദ്‌ലോകത്തിനും കേന്ദ്രസർക്കാരിനും വലിയ 'ഷോക്ക്" ആയിരുന്നു. 2019-20ൽ ഇന്ത്യ 7.4 ശതമാനം വളരുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ പറഞ്ഞ റിസർവ് ബാങ്ക്, ഡിസംബറിൽ അത് 5 ശതമാനത്തിലേക്ക് വെട്ടിത്താഴ്‌ത്തി. ഇത്തവണ റിസർവ് ബാങ്ക് എന്തുപറയുമെന്നാണ് ഏവരും കാതോർക്കുന്നത്.
കുറയുമോ പലിശ?
റീട്ടെയിൽ നാണയപ്പെരുപ്പം 4 ശതമാനത്തിന് താഴെയാണെങ്കിലേ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കൂ. ഡിസംബറിൽ നാണയപ്പെരുപ്പം 7.35 ശതമാനമാണ്.
ഇക്കുറി ബഡ്‌ജറ്റിൽ കുറഞ്ഞ നിരക്കുള്ള ആദായ നികുതി സ്ളാബ് പ്രഖ്യാപിച്ചത്, വിപണിയിലേക്കുള്ള പണമൊഴുക്ക് കൂട്ടും.
ഇത് നാണയപ്പെരുപ്പം കൂടുതൽ ഉയരാനിടയാക്കും. ഫലത്തിൽ, ഇക്കുറിയും റിസർവ് ബാങ്ക് പലിശ കുറയ്ക്കാൻ സാദ്ധ്യത വിരളം.