ഇസ്ളാമാബാദ്: ക്രിക്കറ്റ് ട്രെയിനറുടെ മുന്നിൽ വസ്ത്രമുരിഞ്ഞ പാക് ക്രിക്കറ്റ് താരത്തിനെതിരെ നടപടിയെടുക്കാനൊരുങ്ങി പാക് ക്രിക്കറ്റ് ബോർഡ്. കളിക്കാൻ ഫിറ്റ്നസ് തെളിയിക്കാൻ കഴിയാത്ത പക്ഷം പുറത്താകുന്ന സാഹചര്യത്തിലാണ് ഉമർ അക്മൽ ട്രെയിനറുടെ മുന്നിൽ വസ്ത്രമുരിഞ്ഞത്. ഫിറ്റ്‌നസ് തെളിയിക്കാനാവശ്യമായ പോയിന്റ് ലഭിക്കാത്തതിന്റെ ദേഷ്യത്തിൽ കൊഴുപ്പ് എവിടെയെന്ന് ചോദിച്ചായിരുന്നുരുന്നു താരം വസ്ത്രമുരിഞ്ഞതെന്ന് ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
താരത്തിനെതിരെ ശക്തമായ നടപടിയെടുക്കാനാണ് തീരുമാനം. താരത്തിന്റെ ഈ പെരുമാറ്റം പാക് ക്രിക്കറ്റ് ബോർഡിനെ ഇതിനകം അറിയിച്ചിട്ടുണ്ട്. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് തന്നെ താരത്തിനെ വിലക്കാനാണ് സാദ്ധ്യത. അതേസമയം ഫോം വീണ്ടെടുക്കാൻ കഷ്ടപ്പെടുന്നതിനാല്‍ താരം ദേശീയ ടീമിന് പുറത്തുമാണ്. 2009ൽ ന്യൂസീലൻഡിനെതിരെ സെഞ്ചുറിയുമായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ ഉമർ പാക്ക് ക്രിക്കറ്റിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.
സംഭവത്തിൽ ഉമറിനെ പിന്തുണച്ച് സഹോദരനും മറ്റൊരു പാക് ക്രിക്കറ്റ് താരവുമായ കംറാൻ അക്മൽ രംഗത്തെത്തി. ഉമറിന്റെ പ്രവൃത്തി തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്നും കുസൃതിയായി കണ്ടാൽ മതിയെന്നുമാണ് കംറാൻ പറയുന്നത്. ഫിറ്റ്നസ് വീണ്ടെടുക്കാത്തതിന്റെ പേരിൽ കംറാനും ദേശീയ ടീമിന് പുറത്താണ്.