കൊച്ചി: സ്വന്തം പാർട്ടിയിൽ നുഴഞ്ഞുകയറിയിട്ടുള്ള എസ്.ഡി.പി.ഐക്കാരെ പുറത്താക്കുകയാണ് പിണറായി വിജയൻ ആദ്യം ചെയ്യേണ്ടതെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് ഉടനീളം ഇത്തരം തീവ്രവാദികൾ സി.പി.എമ്മിന്റെ വിവിധ ചുമതലകൾ വഹിക്കുന്നുണ്ടെന്നും കെ.സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അലനും താഹയും ഇതി ഉദാഹരണങ്ങൾ മാത്രമാണ്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് പേർ പാർട്ടിയിലുണ്ട്. വർഗീയ കലാപം ലക്ഷ്യമിട്ട് ഈയിടെ നടന്ന എല്ലാ പ്രകോപനങ്ങളുടെയും പിന്നിൽ ഇത്തരക്കാരാണ്. വാചകമടിയല്ല നടപടിയാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
പൗരത്വനിയമഭേദഗതിയ്‌ക്കെതിരായ പ്രക്ഷോഭങ്ങളിൽ അക്രമം അഴിച്ചുവിടുന്നത് എസ്.ഡി.പി.ഐയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. സമരത്തിന്റെ മറവിൽ അക്രമം നടത്തുന്നവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടാകുമെന്നും പിണറായി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പിണറായിയെ വിമർശിച്ച് കെ.സുരേന്ദ്രൻ രംഗത്തെത്തിയത്.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
പിണറായി വിജയൻ ആദ്യം ചെയ്യേണ്ടത് സ്വന്തം പാർട്ടിയിൽ നുഴഞ്ഞുകയറിയിട്ടുള്ള എസ്. ഡി. പി. ഐ ക്കാരെ പുറത്താക്കുകയാണ്. സംസ്ഥാനത്തുടനീളം ഇത്തരം തീവ്രവാദികൾ സി. പി. എമ്മിൽ വിവിധ ചുമതലകൾ വഹിക്കുന്നുണ്ട്. അലനും താഹയും ഉദാഹരണങ്ങൾ മാത്രമാണ്. ഇത്തരം ആയിരക്കണക്കിന് ആളുകൾ പാർട്ടിയിലുണ്ട്. ഡി. വൈ. എഫ്. ഐയും എസ്. എഫ്. ഐയും തീവ്രവാദികളുടെ റിക്രൂട്ടിംഗ് ഏജൻസികളായി മാറിയിരിക്കുകയാണ്. വർഗ്ഗീയകലാപം ലക്ഷ്യമിട്ട് ഈയിടെ നടന്ന എല്ലാ പ്രകോപനങ്ങളുടെയും പിന്നിൽ ഇത്തരക്കാരാണ്. വാചകമടിയല്ല നടപടിയാണ് വേണ്ടത്.