corona-virus

തിരുവനന്തപുരം: കൊറോണ ബാധ സംശയത്തെ തുടർന്ന് 104 സാമ്പിളുകളാണ് പൂനെ വൈറോളജി ഇൻസ്​റ്റി​റ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചതെന്നും ഇതിൽ 36 പേർക്ക് വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും നിയമസഭയിൽ നടത്തിയ പ്രത്യേക പ്രസ്താവനയിൽ മന്ത്റി ശൈലജ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഴുവൻ ജനങ്ങളുടെയും പിന്തുണ വേണം.
കൂടുതൽ പേർക്കു വൈറസ് ബാധയുണ്ടാകാം. എന്നാൽ, ഇതു നിപയെ പോലെ അപകടകാരിയല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടിയായി മന്ത്റി പറഞ്ഞു. ചൈനയിൽ നിന്നെത്തിയ മുഴുവൻ പേരെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇവരുമായി ഇടപഴകിയവരെയും നിരീക്ഷിക്കേണ്ടതുണ്ട്. ചൈനയിൽ നിന്ന് രോഗ വാർത്ത വന്നു തുടങ്ങിയപ്പോൾ തന്നെ ആരോഗ്യവകുപ്പിന്റെ ദ്റുതകർമ്മസേന യോഗം ചേർന്ന് രോഗ നിരീക്ഷണം, ലബോറട്ടറി നിരീക്ഷണം, ചികിത്സാ മാർഗരേഖ, പരിശീലനത്തിനുള്ള മാർഗ രേഖകൾ എന്നിവ തയാറാക്കി ജില്ലകൾക്ക് നൽകി. മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും കൊറോണ വൈറസ് ഒ.പിയും ഐസൊലേഷൻ വാർഡുകളും തയാറാക്കി. സ്വകാര്യ ആശുപത്രികൾക്കും ജാഗ്രതാനിർദേശം നൽകി.
വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചു വരുന്നു. കൊറോണ വൈറസ് മ​റ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാൻ എല്ലാവരും മുൻകരുതലുകൾ എടുക്കണം. നിപയെയും പ്രളയത്തെയും ഓഖിയെയും നമ്മൾ അതിജീവിച്ചതു കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. അതേ പ്രവർത്തനങ്ങളാണ് കൊറോണ പ്രതിരോധത്തിലും നടത്തുന്നത്.

ബന്ധപ്പെടാൻ

രോഗലക്ഷണങ്ങളോ സംശയങ്ങളോ ഉണ്ടെങ്കിൽ ദിശ 1056 (ടോൾഫ്രീ), 0471 255 2056 എന്നീ നമ്പരുകളിലോ അതത് ആശുപത്രികളിലെ നോഡൽ ഓഫീസർമാരുമായോ ബന്ധപ്പെടണം.