mohanlal

മോഹൻലാലിനെ നായകനാക്കി പ്രിയദർശന്റെ സംവിധാനത്തിൽ പിറന്ന ഹിറ്റ് ചിത്രമാണ് 'വെള്ളാനകളുടെ നാട്'. മണിയൻപിള്ള രാജു നിർമ്മിച്ച ചിത്രത്തിൽ നായികയായെത്തിയത് മലയാളത്തിന്റെ പ്രിയനടി ശോഭനയാണ്. മോഹൻലാലിന്റെ സിനിമാ ജീവിതത്തിൽ നിർണായകമായ ഒരു ചിത്രം കൂടിയാണ് 'വെള്ളാനകളുടെ നാട്'. ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയിലെ ഒരു അപൂർവ ചിത്രം പങ്കുവച്ച് മണിയൻപിള്ള രാജു രംഗത്തെത്തിയിരിക്കുകയാണ്.

വെള്ളാനകളുടെ നാട് എന്ന കുറിപ്പോടെ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിൽ സംവിധായകൻ പ്രിയദർശൻ,​ മോഹൻലാൽ,​ ശോഭന ക്യാമറാമാൻ എസ്. കുമാർ എന്നിവരാണ് ഉള്ളത്. എല്ലാവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ചെറിയൊരു കുസൃതി ഒപ്പിക്കുന്ന തിരക്കിലാണ് ശോഭന. പ്രിയദർശന്റെ തലയ്ക്കു പിറകിലായി വിരലുകൾ കൊമ്പുപോലെ പിടിച്ചിരിക്കുകയാണ് താരം.

1988 ഡിസംബർ ഒമ്പതിനാണ് ‘വെള്ളാനകളുടെ നാട്’ പ്രദർശനത്തിനെത്തിയത്. മോഹൻലാൽ, ശോഭന, ശ്രീനിവാസൻ, മണിയൻപിള്ള രാജു, തിക്കുറിശ്ശി സുകുമാരൻ നായർ, ജഗദീഷ്, കരമന ജനാർദ്ദനൻ നായർ, എം.ജി. സോമൻ, കുതിരവട്ടം പപ്പു, സുകുമാരി, കെ.പി.എ.സി. ലളിത, ലിസി, ശങ്കരാടി, കുഞ്ചൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത്. 32 വർഷങ്ങൾക്ക് ഇപ്പുറവും മലയാളികൾ ഓർക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ചിത്രങ്ങളിൽ ഒന്നുകൂടിയാണ് ‘വെള്ളാനകളുടെ നാട്’.