കേരളം ഇന്ന് വിദര്‍ഭക്കെതിരെ

നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഇൗ സീസണിൽ തീർത്തും നിരാശപ്പെടുത്തിയ കേരളം അവസാനത്തെ മത്സരത്തിനായി ഇന്നിറങ്ങും. വിദർഭക്കെതിരെയാണ് ഈ സീസണിലെ കേരളത്തിന്റെ എട്ടാമത്തെ ഗ്രൂപ്പ് മത്സരം.ഏഴ് കളിയിൽനിന്ന് ഒമ്പത് പോയന്റുള്ള കേരളത്തിന്റെ എലൈറ്റ് ഗ്രൂപ്പിലെ നിലനിൽപ്പുതന്നെ അവതാളത്തിലാണ്.

ഡൽഹിയോട് സമനില വഴങ്ങിയാണ് കേരളം സീസൺ തുടങ്ങിയത്. കേരളം ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ മത്സരമാണ് സമനിലയിൽ കലാശിച്ചത്. രണ്ടാം മത്സരത്തിൽബംഗാളിനോടും മൂന്നാം മത്സരത്തിൽ ഗുജറാത്തിനോടും നാലാം മത്സരത്തില്‍ ഹൈദരാബാദിനോടും തോറ്റു. അഞ്ചാം മത്സരത്തിൽ പഞ്ചാബിനെതിരെയായിരുന്നു ആദ്യ വിജയം. രാജസ്ഥാൻ, ആന്ധ്ര ടീമുകളോട് തുടർന്ന് പരാജയപ്പെട്ടു. കേരള ടീം: ജലജ് സക്സേന (ക്യാപ്ടൻ),സച്ചിൻ ബേബി ,എസ്. മിഥുൻ, മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ, രോഹൻ പ്രേം, ആസിഫ് കെ.എം, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രൻ, മിഥുൻ എസ്, എംഡി നിധീഷ്, രാഹുൽ പി, ബേസിൽ തമ്പി, അഭിഷേക് മോഹൻ, വിനൂപ് മനോഹരൻ, അക്ഷയ് കെ.സി.