തിരുവനന്തപുരം: എസ്.ഡി.പി.ഐ നടത്തിയ അക്രമങ്ങളെക്കുറിച്ച് പറയുമ്പോൾ പ്രതിപക്ഷത്തിന് എന്തിനാണ് പൊള്ളുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ചോദിച്ചു. പൗരത്വ പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമങ്ങളിൽ കേസെടുത്തതിനെപ്പറ്റിയുള്ള പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം..
പൗരത്വ നിയമത്തിനെതിരെ ഒട്ടുമിക്ക സംഘടനകളും സമാധാനപരമായാണ് പ്രതിഷേധിച്ചത്. പോസ്റ്റ് ഓഫീസ് പോലുള്ള സ്ഥാപനങ്ങളെ തല്ലിത്തകർക്കുന്നത് പ്രക്ഷോഭത്തിൽപ്പെട്ടതല്ല. തീവ്രവാദപരമായി ചിന്തിക്കുന്ന എസ്.ഡി.പി.ഐക്കാർ നുഴഞ്ഞു കയറി പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു. അവർക്കെതിരെയാണ് പൊലീസ് കേസെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖിനെതിരെ കേസെടുത്തെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം തുടർന്നപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം..
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരിൽ മതസ്പർദ്ധ വളർത്താൻ അനുവദിക്കില്ല. . മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ എസ്.ഡി പി.ഐക്കാർ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണം. പ്രക്ഷോഭത്തിന്റെ പേരിൽ തീവ്രവാദ സംഘങ്ങൾ കാര്യങ്ങൾ വഴിതിരിച്ച് വിടാൻ ശ്രമിക്കുകയാണ്. സാമുദായിക കലാപം സൃഷ്ടിക്കുന്ന തരത്തിൽ പ്രകടനം നടത്തിയതിന് 27 കേസുകൾ രജിസ്റ്റർ ചെയ്തു. പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പി നടത്തിയ പ്രകടനത്തിൽ, ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മുദ്രാവാക്യം വിളിച്ച നൂറോളം പേർക്കെതിരെയും കേസെടുത്തു. കണ്ണൂർ മട്ടന്നൂർ സ്റ്റേഷനിലെ എസ്.ഐയും, ഇരിട്ടി എ.എസ്.പിയും പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന പരിപാടിയിൽ യൂണിഫോം ധരിച്ച് പങ്കെടുത്തെന്ന ആരോപണത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
എസ്.ഡി.പി.ഐയെ പിന്തുണയ്ക്കേണ്ട കാര്യം പ്രതിപക്ഷത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നൽകി. അവരുടെ വോട്ട് വാങ്ങിയത് ആരാണെന്ന് എല്ലാവർക്കുമറിയാം. പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന അമിത് ഷായുടെയും യു. പി സർക്കാരിന്റെയും നടപടി കേരളത്തിൽ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യം ചോദിച്ചതിനു കേസെടുക്കുന്ന
നാടായി കേരളം മാറാൻ പാടില്ല-
മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാർ നൽകിയ പരാതിയിൽ, മാദ്ധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ഇതിനുള്ള നിർദ്ദേശം ഡി.ജി.പി ലോക്നാഥ് ബെഹറയ്ക്ക് നൽകിയിട്ടുണ്ട്. ചോദ്യം ചോദിച്ചതിന്റെ പേരിൽ കേസെടുക്കുന്ന നാടായി നമ്മുടെ നാട് മാറാൻ പാടില്ല. പഴയ ഡി.ജി.പിയെന്ന നിലയിൽ സെൻകുമാർ നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചിരിക്കാം. അനാവശ്യ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കും. സെൻകുമാറിനെ ഇപ്പോഴെങ്കിലും യു.ഡി.എഫുകാർക്കു മനസിലായല്ലോ എന്നു പറഞ്ഞാണു മുഖ്യമന്ത്റി ഇതു സംബന്ധിച്ച മറുപടി പറഞ്ഞത്.
മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനോടു ചോദ്യം ചോദിച്ച മാദ്ധ്യമ പ്രവർത്തകനായ കടവിൽ റഷീദിനെതിരെയും സംഭവസ്ഥലത്ത് ഇല്ലാതിരുന്ന ഏഷ്യാനെറ്റിലെ പി.ജി. സുരേഷ്കുമാറിനെതിരെയും കേസെടുത്ത പൊലീസ് നടപടി സർക്കാർ പുനഃപരിശോധിക്കണമെന്നു അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടി പ്രസംഗിക്കവേ വിൻസന്റ് ആവശ്യപ്പെട്ടിരുന്നു. മാദ്ധ്യമ പ്രവർത്തകർക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
പത്രപ്രവർത്തക പെൻഷൻ ചട്ടം പരിഷ്കരിക്കാൻ സമിതി: മുഖ്യമന്ത്രി
പത്രപ്രവർത്തക പെൻഷൻ പദ്ധതിയുടെ ചട്ടം പരിഷ്കരിക്കുന്നതിന് സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലേ പെൻഷൻ പദ്ധതിയിൽ പുതിയ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കുന്ന കാര്യം പരിശോധിക്കാനാവൂ. വ്യക്തമായ മാനദണ്ഡങ്ങളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് പത്രപ്രവർത്തക പെൻഷൻ പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്നത്. മാദ്ധ്യമ പ്രവർത്തകരുടെ ക്ഷേമത്തിന് മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നത്. പെൻഷൻ പദ്ധതി, അക്രഡിറ്റേഷൻ, ആരോഗ്യ ഇൻഷ്വറൻസ്, ഹൗസിംഗ് സബ്സിഡി തുടങ്ങിയ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ട്. അച്ചടി, ദൃശ്യ മാദ്ധ്യമപ്രവർത്തകർ ഈ പദ്ധതികളുടെ ഗുണഭോക്താക്കളാണെന്നും പി.സി. ജോർജിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
.