തിരുവനന്തപുരം:പൊലീസ് സ്റ്റേഷനുകൾക്കു പുറത്ത് ' ഏജൻസി കം കളക്ഷൻ സെന്ററുകളും' മറ്റും സ്ഥാപിച്ച് പൊലീസ് ഉദ്യോഗസ്ഥർ പണം പിരിക്കുന്നതായും കേസുകൾ ഒത്തുതീർപ്പാക്കുന്നതായും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മുന്നറിയിപ്പ് നൽകി.
കാട്ടാക്കടയിൽ മണ്ണ് മാഫിയയുടെ ജെ.സി.ബി കൊണ്ടുള്ള ആക്രമണത്തിൽ ഭൂഉടമ സംഗീത് ബാലനെന്ന പ്രവാസി കൊല്ലപ്പെട്ട സംഭവത്തിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ എം.വിൻസന്റ് അനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം..ചില പൊലീസുകാർ സ്റ്റേഷനുകളിൽ ദീർഘകാലം തുടരുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഒരേ സ്റ്റേഷനിൽ മൂന്നു വർഷമായി ജോലി ചെയ്യുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റും. പാർട്ടി നിർദേശിച്ചിട്ടല്ല, പൊലീസുകാരെ സ്റ്റേഷനുകളിൽ നിയമിക്കുന്നത്.പൊലീസിലെ അഴിമതിയും ദുഷിപ്പും അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുൻകാലത്തെ അംശങ്ങൾ ആരിലെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അത് വച്ചുപൊറുപ്പിക്കില്ല.
സ്റ്റേഷന് പുറത്തും മറ്റും കളക്ഷൻ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ആവശ്യമുള്ള വിവരങ്ങൾ മറച്ചു വയ്ക്കാതെ നൽകിയാൽ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. .
കാട്ടാക്കട:കുറ്റക്കാരായ പോലീസ്
ഉദ്യോഗസ്ഥർക്കെതിരെ നടപടി
കാട്ടാക്കടയിൽ മണ്ണു മാഫിയാസംഘം ഭൂഉടമ സംഗീത് ബാലനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിൽ, പൊലീസെത്താൻ വൈകിയെന്ന പരാതി സംബന്ധിച്ച് നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്രക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു .
. സംഭവ ദിവസം രാത്രി 11.45നു സംഗീതിന്റെ വീട്ടിൽ നിന്ന് കാട്ടാക്കട പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചെങ്കിലും 1.50നാണ് ആറു കിലോമീറ്റർ മാത്രം അകലെയുള്ള അമ്പലത്തുംകാലയിൽ പൊലീസ് എത്തിയതെന്നും കൊലപാതകം നടത്തിയ ശേഷം മണ്ണുമാഫിയയ്ക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കുകയെന്നുമായിരുന്നു എം. വിൻസന്റിന്റെ ആരോപണം. അക്രമം നടന്ന പ്രദേശത്തു പൊലീസ് എത്താൻ വൈകിയത് അംഗീകരിക്കാനാവില്ലെന്നും, രാത്രി 11.45നു പൊലീസിൽ വിവരം അറിയിച്ചിരുന്നോ എന്ന് പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻകാലങ്ങളിൽ പൊലീസ് മാസപ്പടി വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ദിവസപ്പടിയായി മാറിയെന്നും വഴിതെറ്റിപ്പോയ സർക്കാരിന്റെ വഴിപിഴച്ച പൊലീസാണ് കാട്ടാക്കടയിൽ പ്രവാസിയുടെ കൊലപാതകത്തിന് ഒത്താശ ചെയ്തതെന്നും വിൻസന്റ് പറഞ്ഞു. സംഗീതിന്റെ വിധവയ്ക്കു സർക്കാർ ജോലിയും പറക്കമുറ്റാത്ത കുട്ടികളടങ്ങിയ കുടുംബത്തിന് 25 ലക്ഷം രൂപയും നൽകണമെന്നും വിൻസന്റ് ആവശ്യപ്പെട്ടു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.സംസ്ഥാനത്ത് ഗുണ്ടാ മാഫിയാ സംഘങ്ങൾ അഴിഞ്ഞാടുകയാണെന്നും അതിന് ഭരിക്കുന്ന പാർട്ടി രാഷ്ട്രീയ സംരക്ഷണം നൽകുകയാണെന്നും വാക്കൗട്ടിന് മുമ്പ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഈ സംഭവത്തിൽ ഒരു വീഴ്ച വരുത്തിയ പൊലീസുകാരനെതിരെയും സർക്കാർ നടപടിയെടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു.
''പൊലീസ് സ്റ്റേഷനുകൾക്കു പുറത്തു പണം വാങ്ങി കേസുകൾ ഒത്തു തീർപ്പാക്കാൻ ചില വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഏജൻസി കം കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു. പൊലീസ് മാഫിയകൾക്ക് കുട പിടിക്കുകയാണ്.''
-എം.വിൻസെന്റ് എം.എൽ.എ
പ്രണയം നിരസിച്ചാൽ കൊലപാതകം:
മുൻകരുതൽ വേണമെന്ന് മുഖ്യമന്ത്രി
പ്രണയം നിരസിക്കുന്നതിനെ തുടർന്ന് സ്ത്രീകൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇവ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ പൊതുസമൂഹം ഏറ്റെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 2016 മുതൽ ഇതുവരെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് കേസുകളിലെ പ്രതികൾ മരിച്ചു. അഞ്ച് കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ട് കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നു. ഇത്തരം സംഭവങ്ങൾക്കെതിരെ നിയമപ്രകാരം കർശനമായ നടപടികൾ സ്വീകരിക്കും.
കുട്ടികൾക്കിടയിലെ വളർച്ചാപരവും സ്വഭാവപരവും വൈകാരികവുമായ വൈകല്യങ്ങൾ, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയവ കണ്ടുപിടിക്കാനും ഇടപെടലുകൾ നടത്താനും അദ്ധ്യാപകരെ പരിശീലിപ്പിക്കും. കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനും ഇത്തരം പ്രശ്നങ്ങളെക്കുറച്ച് മാതാപിതാക്കൾക്ക് കൃത്യമായ അവബോധം നൽകുന്നതിന് വിദ്യാഭ്യാസവകുപ്പ് നടപടിയെടുക്കുമെന്നും എം. രാജഗോപാലന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
പൗരത്വം: ഗവർണർ രേഖാമൂലം
എതിർത്തിട്ടില്ല- മുഖ്യമന്ത്രി
പൗരത്വ ഭേദഗതിക്കതിരെ നിയമസഭ പ്രമേയം പാസാക്കിയതിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രേഖാമൂലം എതിർത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൗരത്വ ഭേദഗതിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെക്കുറിച്ച് ഗവർണർ റിപ്പോർട്ട് തേടിയിരുന്നു. റൂൾസ് ഒഫ് ബിസിനസ് പ്രകാരം മുൻകൂട്ടി അറിയിക്കേണ്ട വിഷയങ്ങളുടെ ഗണത്തിൽ ഇക്കാര്യമില്ലെന്ന് ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചെന്നും സണ്ണി ജോസഫ്, കെ.സി. ജോസഫ്, അൻവർ സാദത്ത് എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് യു.എ.പി.എ നിയമപ്രകാരം എട്ട് കേസുകൾ എൻ.ഐ.എക്ക് കൈമാറിയിട്ടുണ്ട്. യു.എ.പി.എ പ്രകാരം കേസെടുക്കുന്നതിന് പൊലീസിന് സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.