തിരുവനന്തപുരം: അഭിഭാഷകരും പ്ലീഡർമാരും ഭൂമി കൈമാറ്റത്തിനുള്ള ആധാരം എഴുതേണ്ടെന്ന് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ 1960ലെ ലൈസൻസിംഗ് ചട്ടം ഭേദഗതി ചെയ്ത് നിരോധനം ഉറപ്പാക്കുമെന്നും മന്ത്രി ജി.സുധാകരൻ നിയമസഭയിൽ പറഞ്ഞു. ആധാരമെഴുത്തുകാരുടെ തൊഴിൽ സുരക്ഷയെപ്പറ്റി ആശങ്കവേണ്ടെന്നും നിയമസഭയിൽ എസ്.രാജേന്ദ്രന്റെ സബമിഷന് മന്ത്റി മറുപടി നൽകി. വ്യക്തികൾക്കു സ്വന്തമായി ആധാരം തയാറാക്കാൻ അവകാശമുണ്ട്. എന്നാൽ നാലുകൊല്ലത്തിനിടെ ഒരുശതമാനത്തിൽ താഴെ പേർ മാത്രമാണ് സ്വന്തമായി ആധാരം തയാറാക്കിയത്. ബാക്കി 99 ശതമാനവും ആധാരമെഴുത്തുകാരെയാണ് ആശ്രയിച്ചത്. ദീർഘകാലത്തിനു ശേഷം എഴുത്തുപരീക്ഷ നടത്തി 1661 പേർക്കുകൂടി ലൈസൻസ് നൽകി ഈ രംഗത്തേക്ക് കടന്നുവരാൻ അവസരമൊരുക്കിയതായും മന്ത്റി പറഞ്ഞു.
ജി.എസ്.ടി നഷ്ടം: നിയമനടപടിക്ക്
സാദ്ധ്യത തേടുമെന്ന് മന്ത്രി ഐസക്
സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം തടയുന്ന കേന്ദ്രസർക്കാരിനെതിരെ നിയമനടപടിക്ക് സാദ്ധ്യത തേടി ധനമന്ത്രിമാരുടെ സമ്മേളനം ചണ്ഡിഗഡിൽ ചേരുമെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. കേരളത്തിന് 1600 കോടി നഷ്ടപരിഹാരം കിട്ടാനുണ്ട്. 24000കോടി വായ്പയ്ക്കായി അനുമതി തേടിയപ്പോൾ 5300കോടി കുറച്ചു. ജി.എസ്.ടി നഷ്ടപരിഹാരം മൂന്നുമാസത്തേക്ക് 4900കോടി കിട്ടേണ്ടതായിരുന്നെങ്കിലും കേന്ദ്ര ഉത്തരവിലുള്ളത് 1900കോടി മാത്രം. ട്രഷറി നിക്ഷേപം വർദ്ധിച്ചെന്ന കാരണം പറഞ്ഞാണ് കടമെടുപ്പ് തടയുന്നത്. അവസാന മൂന്നുമാസത്തെ ചെലവിന് 35000കോടി വേണ്ടിവരുമ്പോഴാണ് 12000 കോടി കേന്ദ്രസർക്കാർ എടുത്തുമാറ്റിയത്. നികുതിവിഹിതമായി 18000കോടി കിട്ടേണ്ടിടത്ത് ബഡ്ജറ്റിൽ നീക്കിവച്ചത് 15539 കോടി മാത്രം. മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് കേന്ദ്രത്തിനെതിരായ യോജിച്ച നിലപാട് സ്വീകരിക്കും. നികുതിവിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തിന്റെ അഞ്ചുവർഷത്തെ ഭാവിയുടെ പ്രശ്നമാണെന്നും കെ.സുരേഷ് കുറുപ്പിന്റെ ശ്രദ്ധക്ഷണിക്കലിന് ഐസക് മറുപടി നൽകി.
കൊറോണ: സൗകര്യമൊരുക്കാൻ
കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി ശൈലജ
ചൈനയിലെ കൊറോണ വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നെത്തിയവർക്ക് ഡൽഹിയിൽ സൗകര്യമൊരുക്കാൻ കേന്ദ്രസർക്കാരുമായി ബന്ധപ്പെടുമെന്ന് മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ പറഞ്ഞു. ചൈനയിൽ നിന്നെത്തിച്ചവരെ സൈന്യത്തിന്റെ നിരീക്ഷണ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുകയാണ്. 14ദിവസത്തെ നിരീക്ഷണത്തിലായിരിക്കും ഇവർ. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനുമായും ആരോഗ്യസെക്രട്ടറിയുമായും ആശയവിനിമയം നടത്തുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെയും ഐ.സി.എം.ആറിന്റെയും നിർദ്ദേശപ്രകാരമുള്ള ചികിത്സാ പ്രോട്ടോക്കോൾ തയ്യാറാക്കിയെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
'ഒരു രാജ്യം ഒരു റേഷൻ കാർഡ്":
37 പേർ റേഷൻ വാങ്ങിയെന്ന് മന്ത്രി
'ഒരു രാജ്യം ഒരു റേഷൻകാർഡ്" പദ്ധതിയിലൂടെ കേരളത്തിൽ നിന്ന് 37 പേർ റേഷൻ വാങ്ങിയെന്ന് മന്ത്രി പി. തിലോത്തമൻ നിയമസഭയെ അറിയിച്ചു. കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ കാർഡുടമകളാണ് റേഷൻ വാങ്ങിയത്. പദ്ധതിക്കായി കേന്ദ്രം അനുവദിച്ച 93,53,500 രൂപയുടെ അറുപത് ശതമാനവും ലഭിച്ചിട്ടുണ്ടെന്നും ടി.വി. ഇബ്രാഹിം, കെ.എൻ.എ. ഖാദർ, പാറക്കൽ അബ്ദുള്ള, പി.കെ. ബഷീർ എന്നിവരെ മന്ത്രി അറിയിച്ചു.
ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാനം, ജില്ല, താലൂക്ക്, റേഷൻകടതല വിജിലൻസ് കമ്മിറ്റി രൂപീകരിക്കുന്ന തുടർനടപടി സ്വീകരിക്കുകയാണ്. ഒരു ബ്ലോക്കിൽ അഞ്ച് റേഷൻ കടകളെ വീതം തിരഞ്ഞെടുത്ത് സോഷ്യൽ ഓഡിറ്റിംഗ് നടത്തുന്ന നടപടി തുടങ്ങിയെന്നും ഇ.ടി. ടൈസൺ മാസ്റ്റർ, മുല്ലക്കര രത്നാകരൻ, ഇ.കെ. വിജയൻ, സി.കെ. ആശ എന്നിവരെ മന്ത്രി അറിയിച്ചു.