തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ നഗരത്തിലെ റോഡുകൾക്ക് നല്ലകാലം പിറന്നു. കാലങ്ങളായി പരാതി പറഞ്ഞു മടുത്ത ജനങ്ങൾക്ക് കൗതുകക്കാഴ്ചയാണ് ശരവേഗത്തിലുള്ള അറ്റകുറ്റപണി. നഗരത്തിലെ നൂറുവാർഡുകളിൽ ഭൂരിഭാഗം വാർഡുകളിലും പണി തുടങ്ങിക്കഴിഞ്ഞു. അവശേഷിക്കുന്ന വാർഡുകളിൽ വരും ദിവസങ്ങളിൽ പണി തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കോർപറേഷന്റെ അറ്റകുറ്റപ്പണി ഒരുവശത്ത് നടക്കുന്നതിനിടെ പൊതുമരാമത്തു വകുപ്പും പണിക്ക് ഇറങ്ങിക്കഴിഞ്ഞു. ഇരു കൂട്ടരും മത്സരിച്ച് റോഡ് നന്നാക്കുന്ന തിരക്കിലാണ്. ഇടറോഡുകൾ ഉൾപ്പെടെ ടാറിട്ട് ഗതാഗതയോഗ്യമാക്കിയതോടെ നഗരവാസികളും ഹാപ്പിയാണ്. നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള റോഡുകളുടെ പണിയാണ് കൂടുതലും നടക്കുന്നത്.
മേയിൽ തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് കണക്കൂട്ടൽ. വിജ്ഞാപനം വരുന്നതിന് മുമ്പ് പണികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. കോർപറേഷൻ റോഡുകളുടെ അറ്റകുറ്രപണികൾക്ക് കൗൺസിലർമാർ മുൻനിരയിലുണ്ട്. പി.ഡബ്ല്യു.ഡി റോഡുകളിലെ പണികൾക്ക് സ്ഥലം എം.എൽ.എയുടെ പാർട്ടിയിലെ പ്രാദേശിക നേതാക്കളാണ് ചുക്കാൻ പിടിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ റോഡ്, വെള്ളം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളാണ് സ്ഥാനാർത്ഥികൾ നേരിടുന്ന പ്രധാന വെല്ലുവിളി. നിലവിൽ കൗൺസിലർമാർക്ക് വീണ്ടും ജനങ്ങളുടെ മുന്നിലെത്തണമെങ്കിൽ റോഡുകളുടെ മുഖം മിനുക്കിയേ തീരൂ. മാർച്ച് 31ന് മുമ്പ് നടപ്പുവർഷത്തെ പദ്ധതികൾ പൂർത്തീകരിക്കണമെന്നതാണ് റോഡുപണികൾ ഒരുമിച്ച് നടക്കാൻ മറ്റൊരു കാരണം.
പദ്ധതി തുകകൾ ചെലവഴിക്കാൻ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. ഈ വർഷം തിരഞ്ഞെടുപ്പ് കൂടിവരുന്നതിനാൽ മാസങ്ങൾക്ക് മുൻപേ ജനപ്രതിനിധികൾ ഉദ്യോഗസ്ഥരുടെ പിന്നാലെയാണ്.
കണക്കുകൂട്ടൽ തെറ്റിച്ച് ട്രഷറി നിയന്ത്രണം
തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതികൾ തയ്യാറാക്കലും നിർവഹണവും ജനുവരിയോടെ പൂർത്തിയാക്കണമെന്ന സർക്കാർ നിർദേശമുണ്ടെങ്കിലും ഇത്തവണ അത് നടപ്പായില്ല. പദ്ധതികൾ നേരത്തെ തയ്യാറാക്കിയെങ്കിലും ട്രഷറി നിയന്ത്രണം കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഒക്ടോബർ മുതൽ അഞ്ച് ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കുന്നതിന് കടുത്ത നിയന്ത്രണമാണ്. നിലവിൽ കോർപറേഷന് 32 കോടിയുടെ ബില്ലുകളാണ് പാസാകാനുള്ളത്. ട്രഷറി നിയന്ത്രണം വന്നതിന് പിന്നാലെ കരാറുകാർ പണികൾ ഇഴയ്ക്കാൻ തുടങ്ങി. ട്രഷറി നിയന്ത്റണം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലും ജനപ്രതിനിധികളുടെ സമ്മർദം കാരണം കരാറുകാർ പണികളുമായി മുന്നോട്ട് പോകുകയാണ്. കരാറുകാർ പിൻവാങ്ങിയാൽ പണികൾ നിലയ്ക്കും. ജനപ്രതിനിധികളുടെ കണക്കുകൂട്ടലുകളും പിഴയ്ക്കും.