തിരുവനന്തപുരം: നഗരത്തിലെ പ്രധാന ടൂറിസം ആകർഷണമായ ആക്കുളം കായലിനെ നവീകരിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ തയ്യാറാക്കിയ പദ്ധതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലിനെ തുടർന്നാണ് പെട്ടെന്ന് നടപ്പാക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി മാലിന്യ നിക്ഷേപവും കുളവാഴകളും നിറഞ്ഞ് മാലിന്യങ്ങൾ നീക്കി കായലിനെ ശുദ്ധമാക്കും. ഇതോടെ ആക്കുളം കായലിന്റെ മാത്രമല്ല കണ്ണമ്മൂല മുതലുള്ള കൈത്തോടുകളുടെയും സമ്പൂർണ നവീകരണം നടപ്പാകും. കിഫ്ബിയാണ് പണം നൽകുന്നത്.
ബോട്ടിംഗ് പുനരാരംഭിക്കുകയും സാഹസിക വാട്ടർ സ്പോർട്സ് ഇനങ്ങൾക്ക് പ്രാധാന്യം നൽകുകയും കൂടുതൽ സഞ്ചാരികളെയും നഗരവാസികളെയും ആക്കുളം കായലിലേക്ക് ആകർഷിക്കാൻ പദ്ധതിയുടെ പൂർത്തീകരണത്തോടെ സാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസം വകുപ്പാണ് നവീകരണത്തിന് മേൽനോട്ടം വഹിക്കുന്നത്.
നവീകരണത്തിന് തുടക്കമിട്ട് ദീർഘകാലം കാട് പിടിച്ച് കിടന്നിരുന്ന ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലിനെ തുടർന്ന് പ്രവേശനകവാടം, ചുറ്റുമതിൽ, ഓഫീസ് കെട്ടിടവും റസ്റ്റോറന്റും, പാർക്കിംഗ് യാർഡ്, ആൺകുട്ടികൾക്കായുള്ള ആധുനിക കളിക്കോപ്പുകൾ, കുന്നിൻമുകളിലേക്കുള്ള നടപ്പാത, കുന്നിൻ മുകളിലെ ഇരുമ്പു ചങ്ങല വേലി എന്നിവ ഉൾപ്പെടെ സജ്ജമാക്കിയിരുന്നു. ആംഫിതിയേറ്റർ, മാലിന്യ സംസ്കരണ സംവിധാനം, കുന്നിൻമുകളിൽ സഞ്ചാരികൾക്കായുള്ള ഇരിപ്പിടം, റസ്റ്റോറന്റ് ബ്ലോക്കിന് അനുബന്ധമായുള്ള 12 ാംതിയേറ്റർ, മ്യൂസിക്കൽ ഫൗണ്ടന്റെ നവീകരണം തുടങ്ങിയ നിർമാണങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ എയർഫോഴ്സിന്റെ സതേൺ എയർകമൻഡാന്റിന്റെ സഹകരണത്തോടെയുള്ള ഫ്ലൈറ്റ് സിമുലേറ്റർ മ്യൂസിയം നിർമാണവും പുരോഗമിക്കുകയാണ്.
നിർമ്മാണ ചുമതല വാപ്കോസിന്
കായലിലെ മാലിന്യങ്ങളും പായലും നീക്കി വൃത്തിയാക്കി തെളിഞ്ഞ ജലമാക്കി മാറ്റുന്നതിന് മുൻഗണന നൽകുന്നതാണ് പദ്ധതി. ആക്കുളം കായലിൽ നിലവിൽ മണ്ണ് ഉയർന്ന് കിടക്കുന്ന ഭാഗം ഹരിതാഭമായ ചെറുദ്വീപാക്കി മാറ്റി അതിനുള്ളിൽ സ്വാഭാവികമായ ജലശുചീകരണ മാർഗങ്ങൾ ഒരുക്കും. കായലിലെ കുളവാഴയും മാലിന്യങ്ങളും നീക്കം ചെയ്യൽ, ആക്കുളം പാലത്തിന് കീഴിലുള്ള ബണ്ട് മാറ്റും. ഇതിനൊപ്പം തന്നെ കായലിലെ ബോട്ടിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കുന്ന പ്രവൃത്തിയും നടത്തും. ആക്കുളം കായലിനു പുറമേ കായലിലേക്ക് വന്നുചേരുന്ന ഉള്ളൂർ തോട്, പട്ടം തോട്, പഴവങ്ങാടി തോട്, മെഡിക്കൽ കോളേജ് തോട് എന്നിവയുടെ നിശ്ചിതദൂരത്തിന്റെ നവീകരണം കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ തോടുകളുടെ ബാക്കിയുള്ള ഭാഗങ്ങൾ ട്രിവാൻഡ്രം സ്മാർട്ട്സിറ്റി പ്രോജക്ടിൽ ഉൾപ്പെടുത്തി നവീകരിക്കും.
രൂപരേഖ തയ്യാറാക്കിയത് ബാർട്ടൺ ഹിൽ കോളേജ്
പരിസ്ഥിതി സൗഹാർദ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആക്കുളം കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിടുന്ന പദ്ധതിയുടെ രൂപരേഖ തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനിയറിംഗ് കോളേജിലെ ട്രാൻസിഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ് സെന്ററാണ് തയ്യാറാക്കിയത്.
പുതിയ പദ്ധതി കൂടി യാഥാർത്ഥ്യമാകുന്നതോടെ ആക്കുളം അന്താരാഷ്ട്ര നിലവാരമുള്ള ഉല്ലാസ കേന്ദ്രമായി മാറും.- കടകംപള്ളി സുരേന്ദ്രൻ,ടൂറിസംമന്ത്രി