തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷ്വറൻസ് കോർപറേഷന്റെ (എൽ.ഐ.സി) ഓഹരികൾ വിൽക്കാൻ തീരുമാനിച്ച കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനത്തിൽ ടെക്കികൾക്ക് ആശങ്ക.
പൊതുവേ കേന്ദ്ര ബഡ്ജറ്റ് നിരാശാജനകമാണെന്നാണ് അവർ പറയുന്നത്.
എൽ.ഐ.സിയിൽ കേന്ദ്ര സർക്കാരിനുള്ള ഓഹരികളിൽ 10 ശതമാനം വിൽക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ സെപ്തംബറിന് ശേഷം ആരംഭിക്കാനാണ് സർക്കാർ തീരുമാനം. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന 90 ശതമാനം പേർക്കും എൽ.ഐ.സി പോളിസികളുണ്ട്. അതിനാൽ സ്വകാര്യവത്കരണം നടപ്പാകുന്നതോടെ തങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതാകുമെന്ന ഭയം ഇവർക്കുണ്ട്.
സ്വകാര്യവത്കരണം നടപ്പാകുന്നതോടെ നിലവിലുള്ള റിട്ടയർമെന്റ് പ്ളാനുകൾ നഷ്ടമാകുമോയെന്നാണ് ഭയം.
എൽ.ഐ.സി പ്രീമിയം അടയ്ക്കുന്നതിനാൽ ആദായനികുതിയിലും ഇവർക്ക് ഇളവുണ്ട്. ഇനി അതുണ്ടാകുമോയെന്നും ടെക്കികൾക്ക് ആശങ്കയുണ്ട്.സ്വകാര്യവത്കരണം നടപ്പാകുന്നതോടെ നിക്ഷേപ നയങ്ങളിലും കാതലായ മാറ്റമുണ്ടാകും. ഇതും ഐ.ടി മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ടെക്നോപാർക്കിലെ ജീവനക്കാരനായ പ്രവീൺ പറഞ്ഞു.
സ്വകാര്യവത്കരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ എൽ.ഐ.സി പോളിസിയുള്ളവർ പ്രീമിയം അടയ്ക്കുന്നത് പോലും നിറുത്തിയിരുന്നു. സ്വകാര്യവത്കരണം വരുന്നതോടെ തികച്ചും ബിസിനസ് താത്പര്യം മാത്രം മുന്നിൽ കണ്ടായിരിക്കും കമ്പനികളുടെ പ്രവർത്തനമെന്ന് യു.എസ്.ടിയിലെ ജീവനക്കാരി ഐശ്വര്യ പറഞ്ഞു.
തൊഴിൽ സുരക്ഷയില്ലാത്ത മേഖലയായി ഐ.ടി മാറിക്കഴിഞ്ഞു. എൽ.ഐ.സി സ്വകാര്യവത്കരണം ടെക്കികളെ പ്രതികൂലമായി ബാധിക്കും.- റെനീഷ്, പ്രതിധ്വനി പ്രസിഡന്റ്, ടെക്നോപാർക്ക്