തിരുവനന്തപുരം: മാതാ അമൃതാനന്ദമയി വെള്ളി, ശനി ദിവസങ്ങളിൽ നഗരത്തിൽ ഭക്തർക്ക് ദർശനം നൽകും. കോഴിക്കോട്ടെ പരിപാടികൾ കഴിഞ്ഞ് വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ കൈമനത്തെ ആശ്രമത്തിലെത്തുന്ന അമ്മ അന്ന് വൈകിട്ട് വോളന്റിയർമാർക്ക് മാത്രമാണ് പ്രസാദം നൽകുക. തുടർന്ന് വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി പത്തരവരെ ഭക്തർക്ക് ദർശനം നൽകും. വർഷത്തിൽ ഒരു തവണയാണ് അമ്മ കൈമനം ആശ്രമത്തിലെത്തുന്നത്. കൈമനത്തെ ബ്രഹ്മസ്ഥാന പ്രതിഷ്ഠയുടെ 28 ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് അമ്മ എത്തുന്നതെന്ന് ബ്രഹ്മചാരി ശിവാമൃതചൈതന്യ പറഞ്ഞു.
ഫെബ്രുവരി ആറിന് രാവിലെ 5ന് ആശ്രമത്തിലെ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 6.30 മുതൽ 8.30വരെയാണ് മഹാപ്രസാദം. വൈകിട്ടത്തെ ചടങ്ങിൽ അമൃതാനന്ദമയി ദേവി എത്തുമെന്നാണ് സംഘാടകൾ പ്രതീക്ഷിക്കുന്നത്. ഈ സമയം പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല. വൈകിട്ട് എത്തുന്ന അമൃതാനന്ദമയി ദേവിക്ക് ഭക്തർ വരവേല്പ് നൽകും. 600 വോളന്റിയർമാരും ചടങ്ങിൽ പങ്കെടുക്കും.
വെള്ളിയാഴ്ച രാവിലെ 5.30നും 8.15നും വൈകിട്ട് 5 നും ലളിതാ സഹസ്ര നാമാർച്ചന നടക്കും. രാവിലെ 10.30 മുതൽ അമ്മയുടെ സത് സംഗം, ഭജന, ധ്യാനം എന്നിവ നടക്കും. രണ്ടുമണി മുതലാണ് ദർശനം. രാവിലെ 6ന് മഹാഗണപതി ഹോമവും 7 ന് സമൂഹ രാഹുപൂജയും 8ന് ലളിതാ സഹസ്രനാമ പുഷ്പാഞ്ജലിയും 9ന് നവഗ്രഹ ഹോമവും നടക്കും.വൈകിട്ട് 7നാണ് കാളീപൂജ.ശനിയാഴ്ച
പതിവ് ചടങ്ങുകൾക്ക് പുറമേ രാവിലെ 7ന് സമൂഹ ശനീശ്വര പൂജ നടക്കും. രാവിലെ 9ന് മഹാമൃത്യുഞ്ജയ പുഷ്പാഞ്ജലി ഉണ്ടാവും. വൈകിട്ട് 7 ന് മഹാലക്ഷ്മി പൂജ നടക്കും.
അമൃതോത്സവത്തിന്റെ ഭാഗമായി അമ്മയുടെ ദർശനം ആഗ്രഹിക്കുന്നവർ ടോക്കൺ എടുക്കണമെന്ന് ആശ്രമം അധികൃതർ അറിയിച്ചു. രാവിലെ ഏഴ് മണിക്കുള്ള സമൂഹ പൂജയ്ക്ക് വരുന്നവർക്കും രാവിലെ പത്ത് മണിക്ക് തന്നെ യജ്ഞശാലയിൽ എത്തുന്നവർക്കുമെല്ലാം ടോക്കണെടുത്താൽ മുൻഗണനാ ക്രമമനുസരിച്ച് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാമെന്ന് മഠം അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: മുരളീകൃഷ്ണൻ 9746402083, ശ്യാംകൃഷ്ണൻ 9895007947.