coronavirus

ബെയ്ജിംഗ്: കൊറോണ വെെറസ് ബാധയെ തുടർന്ന് ചെെനയിൽ മരിച്ചവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 64 പേരാണ് മരിച്ചത്. രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ചൈന വിലയിരുത്തി. ചൈനയിലെ ദേശീയ ആരോഗ്യ കമ്മിഷന്റെ കണക്ക് പ്രകാരം 20,438 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ചൈനക്ക് പുറത്ത് 150 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയുമായുള്ള അതിർത്തിയിലെ 13 പാതകളിൽ 10 ഉം ഹോങ്കോംഗ് അടച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ചൈന സന്ദർശിച്ചവർക്ക് അമേരിക്ക വിസ നിഷേധിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ചൈന രംഗത്തെത്തി. അമേരിക്ക ആശങ്ക പടർത്തുകയാണെന്ന് ചൈന ആരോപിച്ചു. ആഗോള തലത്തിൽ വ്യാജ വാർത്തകൾ തടയാൻ ലോകാരോഗ്യ സംഘടന അടിയന്തര നടപടിയെടുത്തു.

ഇതിനിടെ, വൈറസ് ബാധ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്നു ചൈന സമ്മതിച്ചു. ചൈനയുടെ ഭരണം നിയന്ത്രിക്കുന്ന പൊളിറ്റ്ബ്യൂറോ (പിബി) സ്ഥിരം സമിതിയാണ് ഇക്കാര്യത്തിലെ പാളിച്ചകളും ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി, സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ നിർദേശം നൽകിയത്.

അതേസമയം,​ കേരളത്തിൽ മൂന്ന് ജില്ലകളിലെ മൂന്നു പേർക്ക് നോവൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഇത് സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. വൈറസ് ബാധ എല്ലാ ജില്ലകളിലേക്കും വ്യാപിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നടപടി. ചീഫ് സെക്രട്ടറി ടോം ജോസിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന സ്‌റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിട്ടി അപക്‌സ് കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്.