nithyananda

ബംഗളൂരു: സ്ത്രീ പീഡനം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ വിവാദ ആൾദൈവം നിത്യാനന്ദ എവിടെയാണെന്ന് അറിയില്ലെന്ന് കർണാടക പൊലീസ് ഹൈക്കോടതിയിൽ. ഇയാൾ ആത്മീയ യാത്രയിലാണെന്നും അതിനാൽ സമൻസുകൾ അയക്കാനാകില്ലെന്നുമുള്ള വിചിത്രവാദവുമായാണ് പൊലീസ് കോടതിയിലെത്തിയത്.

നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിലാണ് നിത്യാനന്ദ ആത്മീയ യാത്രയിലാണെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

വിദേശകാര്യ മന്ത്രാലയം ഇയാളുടെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു.കൂടാതെ ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസും പുറത്തിറക്കിയിരുന്നു. ബലാത്സംഗം, വഞ്ചന, ദുഷ് പ്രേരണ, തെളിവ് നശിപ്പിക്കല്‍, വ്യാജ രേഖ ചമക്കല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് നിത്യാനന്ദയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വിവാദങ്ങളുടെ തോഴനാണ് സെക്സ് സ്വാമി എന്നറിയപ്പെടുന്ന സ്വാമി നിത്യാനന്ദ. നടി രഞ്ജിതയുമായുള്ള അശ്ലീല വീഡിയോകളുടെ പേരിലാണ് ആദ്യവിവാദം തുടങ്ങിയത്. നിത്യാനന്ദയുടെ ആത്മീയ ജീവിതം ഇതോടെ അവസാനിച്ചു എന്ന് പലരും വിധിയെഴുതിയെങ്കിലും ആശ്രമം വീണ്ടും സജീവമായി. വീഡിയോ വിഷയത്തിൽ സി.ഐ.ഡി അന്വേഷണം നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല. രാജ്യത്തിന്റെ പലയിടങ്ങളിലും നിത്യാനന്ദയുടെ ആശ്രമങ്ങളുയർന്നു.

2012 ൽ നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ആരോപണങ്ങളുയർന്നു. ഇത് മാദ്ധ്യമങ്ങളിൽ വൻ വാർത്തയായതോടെ സ്വാമി മുങ്ങിയെങ്കിലും പൊലീസ് പിന്നാലെകൂടി. അഞ്ചുദിവസം പൊലീസ് സ്വാമിയെ പിടിക്കാൻ പെടാപ്പാടുപെട്ടെങ്കിലും വിജയിച്ചില്ല. പൊലീസിനെ കളിപ്പിച്ച് മുങ്ങിനടന്ന നിത്യാനന്ദ ആറാം ദിവസം കോടതിയിലാണ് പൊങ്ങിയത്. റിമാൻഡുചെയ്ത നിത്യാനന്ദയെ ജയിലിലേക്കയച്ചു. ഇതോടെയാണ് 'സെക്സ് സ്വാമി' എന്ന ഇരട്ടപ്പേരുവീണത്.