ന്യൂഡൽഹി: വിവാദ പരാമർശവുമായി ബി.ജെ.പി എം.പി പർവേശ് വർമ വീണ്ടും രംഗത്തെത്തി. പാര്‍ലമെന്റില്‍ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ രാജീവ് ഫിറോസ് ഖാന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ദിരാ ഗാന്ധി ഒരു മുസ്ലീമിനെയാണ് വിവാഹം ചെയ്തത്. അതുകൊണ്ട് ഗാന്ധി കുടുംബം മുസ്ലീങ്ങളാണ്. എന്നാല്‍, അവര്‍ മതത്തെ മറച്ചുവയ്ക്കുകയാണെന്നും പര്‍വേശ് വര്‍മ ആരോപിച്ചു.
ഇപ്പോൾ രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോദിയാണെന്നും രാജീവ് ഫിറോസ് ഖാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരെ ഡൽഹി ഷഹീൻ ബാഗിൽ നടക്കുന്നതു ‘ദേശ വിരുദ്ധരുടെ’ സമരമാണെന്നും പർവേശ് ആരോപിച്ചു. ‘പൗരത്വ നിയമത്തിനെതിരായുള്ള പ്രതിഷേധം ദേശവിരുദ്ധമാണ്. അസമിനെയും ജമ്മു കാശ്മീരിനെയും ഇന്ത്യയിൽനിന്ന് വിഭജിക്കണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം. അവർക്കു വേണ്ടത് ജിന്നയുടെ ആസാദിയാണ്. ഇതു രാജീവ് ഫിറോസ് ഖാന്റെ സർക്കാരല്ല. നരേന്ദ്ര മോദിയുടെ സർക്കാരാണ്. പൗരത്വ നിയമം പിൻവലിക്കില്ല. ബി.ജെ.പിയോടൊപ്പം ചേർന്നു പ്രതിപക്ഷം ജയ് ശ്രീറാം വിളിക്കണമെന്നും അങ്ങനെയാണെങ്കിൽ പാപങ്ങളെല്ലാം ഇല്ലാതാക്കാൻ സാധിക്കു‘മെന്നും പർവേശ് വർമ പ്രതികരിച്ചു.
ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിന് പർവേശ് വർമയ്ക്ക് നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ 96 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഷഹീൻബാഗിലെ സമരക്കാർ വീടുകളിലെത്തി ബലാത്സംഗവും കൊലയും നടത്തുമെന്നായിരുന്നു പശ്ചിമ ഡൽഹി എം.പിയായ പർവേശ് വർമ്മയുടെ പ്രസ്താവന.