nigraham-2

സിദ്ധാർത്ഥ് നടുങ്ങി.

ആ നടുക്കത്തിനിടയിൽ അവന്റെ കാൽ ഓട്ടോയുടെ ബ്രേക്ക് പെഡലിൽ ആഞ്ഞമർന്നു.

ടയറുകൾ റോഡിൽ ഉരഞ്ഞ് ഒന്നു പാളിയിട്ട് ഓട്ടോ നിന്നു. ഇന്നോവയുമായി ഇഞ്ചുകളുടെ അകലത്തിൽ.

''അയ്യോ..." അതിനിടെ പിന്നിൽ ഇരുന്ന യുവതിയുടെ നിലവിളി സിദ്ധാർത്ഥ് കേട്ടു. സഡൺ ബ്രേക്കിന്റെ ആഘാതത്തിൽ അവളുടെ ശിരസ്സ് ഡ്രൈവർ സീറ്റിനു പിറകിൽ ചെന്നിടിക്കുകയും ചെയ്തു.

ഓട്ടോയിൽ നിന്ന് സിദ്ധാർത്ഥ് ചാടിയിറങ്ങി. ഇന്നോവയുടെ ഡ്രൈവിംഗ് സീറ്റിനടുത്തേക്കു പാഞ്ഞു ചെന്നു.

''എന്താ ചേട്ടാ ഈ കാണിച്ചത്? ഒന്ന് സിഗ്നൽ ഇട്ടിട്ടുവേണ്ടേ വണ്ടി നിർത്താൻ?"

അവൻ ഗർജ്ജിച്ചു.

അടുത്ത സെക്കന്റിൽ ഇന്നോവയുടെ പവ്വർ വിൻഡോ താണു.

സിദ്ധാർത്ഥിന്റെ നെറ്റി ചുളിഞ്ഞു.

ഡ്രൈവിങ് സീറ്റിൽ ഒരു മൊട്ടത്തലയൻ. നെറ്റിയിൽ നീളത്തിൽ ഒരു ഭസ്മക്കുറി. അതിനു നടുവിൽ ചോരകൊണ്ട് തിലകം ചാർത്തിയതുപോലെ സിന്ദൂരപ്പൊട്ട്.

നെഞ്ചോളം നീണ്ട താടി.

''എന്താ ചോദിച്ചത്?"

അലക്ഷ്യമായി മൊട്ടത്തലയൻ തിരക്കി.

''സാറേ... സാറിന്റേത് നാലുവീലുള്ള വണ്ടിയാ. എങ്ങനെയാണേലും നിർത്താം. പക്ഷേ, എന്റേത് മുച്ചക്രമാ... ഒന്നു പാളിയാൽ മതി കരണം മറിയാൻ. നിങ്ങള് വണ്ടി നിർത്തുന്നതിനും ഒരു മര്യാദവേണ്ടേ?"

മൊട്ടത്തലയൻ, സിദ്ധാർത്ഥിനെ നോക്കി പരിഹാസഭാവത്തിൽ ചിരിച്ചു.

''നിന്നോടു ഞാൻ പറഞ്ഞോടാ മുച്ചക്ര വാഹനവുമായി നടക്കാൻ?"

സിദ്ധാർത്ഥിന്റെ ഞരമ്പിൽ ചോരയോട്ടത്തിന് വേഗതയേറി.

കാറിനുള്ളിൽ ആരൊക്കെയാണെന്നറിയില്ലല്ലോ... പ്രത്യേകിച്ച്, സ്ത്രീകളുണ്ടെങ്കിൽ മാന്യമായി പെരുമാറുകതന്നെ വേണം.

''ചേട്ടാ... ഇത് എന്റെയൊക്കെ വയറ്റിപ്പിഴപ്പാ.... നമ്മളൊക്കെ എങ്ങനേലും ജീവിച്ചു പൊക്കോട്ടെ."

മൊട്ടത്തലയന് അത് ഇഷ്ടമായില്ല.

''നീയെന്താടാ 'സാറേ'ന്നും 'ചേട്ടാ'ന്നും മാറിമാറി വിളിക്കുന്നത്?"

''ഓ അതോ." സിദ്ധാർത്ഥ് ഇന്നോവയുടെ പുറത്ത് കൈവച്ചു. ''ശീലമായിപ്പോയി സാറേ... ഏത് വിളിക്കുന്നതാ മറ്റുള്ളവർക്ക് ഇഷ്ടമാകുന്നതെന്ന് അറിയില്ലല്ലോ."

പെട്ടെന്ന് ഇന്നോവയുടെ മൂന്നു ഡോറുകൾ ഒന്നിച്ചു തുറക്കപ്പെട്ടു.

ഡ്രൈവർ അവിടെ ഇരുന്നതേയുള്ളു. ഒറ്റനോട്ടത്തിൽ 'വശപ്പെശക്' തോന്നിക്കുന്ന മൂന്നുപേർ ചാടിയിറങ്ങി. ജീൻസും ടീഷർട്ടുമാണ് രണ്ടുപേരുടെ വേഷം. മൂന്നാമന് ലുങ്കിയും മുട്ടോളമെത്തുന്ന വെളുത്ത ജൂബ്ബയും.

സിദ്ധാർത്ഥിന് ആശങ്കയുണ്ടായി. അവനെ തീർത്തും അവഗണിച്ച് അവർ ഓട്ടോയോട് അടുത്തു.

അതിനുള്ളിൽ ഇരുന്ന യുവതി പരിഭ്രത്തോടെ ചുരുങ്ങിക്കൂടി.

''ങാഹ. മോളിങ്ങനെ ഇരുന്നാലെങ്ങനാ. വന്നാട്ടെ..."

അയാൾ അകത്തേക്കു കൈ നീട്ടി.

ഞൊടിയിടയിൽ സിദ്ധാർത്ഥ് അയാൾക്ക് അടുത്തേക്കു കുതിച്ചു.

''എന്താ സാറേ പ്രശ്നം?"

ആ ക്ഷണം മറ്റൊരാൾ സിദ്ധാർത്ഥിന്റെ തോളിൽ പിടിച്ചു.

''അതൊന്നും നീ അറിയണ്ടാ."

ആ കയ്യുടെ കരുത്ത് സിദ്ധാർത്ഥിനു മനസ്സിലായി. എങ്കിലും ബലമായി അത് എടുത്തുമാറ്റി.

''ഞാൻ അറിയാതിരുന്നാൽ എങ്ങനാ സാറേ... ഈ പെൺകുട്ടി എന്റെ ഓട്ടോയിലെ പാസഞ്ചർ ആയിപ്പോയില്ലേ?"

''അതുകൊണ്ട്?"

ജൂബ്ബ ധരിച്ചവൻ സിദ്ധാർത്ഥിന്റെ താടിക്ക് ഒന്നു തട്ടി.

''മര്യാദയ്ക്ക് മാറി നിന്നാൽ സംഗതി ഒടിവും ചതവും ഇല്ലാതെ തീരും."

സിദ്ധാർത്ഥിന് ഇനി സഹിക്കുവാൻ കഴിയുമായിരുന്നില്ല.

അവൻ യുവതിയെ ഒന്നു നോക്കി. പേടിച്ചരണ്ട മുഖം.

''ഇങ്ങോട്ടിറങ്ങി വാടീ." ആദ്യത്തെ ആൾ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.

സിദ്ധാർത്ഥ് കാക്കിഷർട്ടിന്റെ കോളർ ഒന്നിളക്കിവിട്ടു.

''സാറേ... അവളെ വിട്."

''ഇല്ലെങ്കിലോ."

''ഇല്ലെങ്കിൽ സംഗതി വഷളാകും."

''എങ്കിൽ അതൊന്നു കാണട്ടെടാ."

ജൂബ്ബാധാരി സിദ്ധാർത്ഥിനെ പിടിച്ചൊരു തള്ള്.

അവൻ പിന്നോട്ടു വേച്ചുചെന്ന് ഇന്നോവയിലിടിച്ചു.

ആ ക്ഷണം ഓട്ടോയ്ക്കുള്ളിൽ നിന്ന് ബ്ളേഡിന്റെ മൂർച്ചയുള്ള ഒരു നിലവിളി കേട്ടു.

''ചേട്ടാ... എന്നെ രക്ഷിക്കണം."

സിദ്ധാർത്ഥ് ഇന്നോവയിൽ കൈകുത്തി നിവർന്നു.

''മര്യാദയ്ക്കു പറഞ്ഞാൽ നിനക്കൊന്നും മനസ്സിലാകത്തില്ലേടാ? വിടെടാ അവളെ..."

അലറിക്കൊണ്ട് അവൻ മുന്നോട്ടു കുതിച്ചു. അപ്പോൾ പൊടുന്നനെ ഇന്നോവയുടെ ഡ്രൈവർ കൈനീട്ടി അവന്റെ കഴുത്തിൽ ചുറ്റി.

''വെറുതെ ഷോ കാണിക്കാൻ ശ്രമിക്കല്ലേടാ. പോസ്റ്റുമോർട്ടം ടേബിളിൽ കുടൽമാല പുറത്തുചാടി ചുമ്മാ മലർന്നു കിടക്കേണ്ടിവരും."

ഇതിനകം ഒരാൾ യുവതിയെ ഓട്ടോയിൽ നിന്നു വലിച്ചു പുറത്തിറക്കിയിരുന്നു.

സിദ്ധാർത്ഥ് ശക്തമായി കുതറി. ഇന്നോവയുടെ ഡ്രൈവറുടെ കൈ അയഞ്ഞു.

ഒറ്റ കുതിപ്പിൽ അവൻ യുവതിയെ പിടിച്ചിറക്കിയ ആളിന്റെ മുന്നിലെത്തി. പിന്നെ കൈ ചുരുട്ടി ഒറ്റയിടി. അയാളുടെ മുഖത്ത്...

''ഹാ..." അയാൾ പിന്നോട്ടു വളഞ്ഞു. യുവതിയിലെ പിടി അയഞ്ഞു.

''എടാ..."

മറ്റുള്ളവർ പൊടുന്നനെ സിദ്ധാർത്ഥിനു ചുറ്റും ഒരു വലയം തീർത്തു.

''നീ ഓട്ടോയിൽ കയറിയിരുന്നോടീ." സിദ്ധാർത്ഥ് യുവതിയോടു കൽപ്പിച്ചു.

ആ ക്ഷണം പിന്നിൽ നിന്ന് സിദ്ധാർത്ഥിന്റെ കഴുത്തിൽ ഒരടിയേറ്റു.

അവൻ ഓട്ടോയിലേക്കു ചാഞ്ഞു. ചുറ്റും നിന്ന് തുരുതുരെ അടി വന്നുകൊണ്ടിരുന്നു.

അത് കണ്ട് യുവതി അലറിക്കരഞ്ഞു.

(തുടരും)