kaaliyan

പൃഥ്വിരാജിന്റെ ആരാധകർ ഏറ്റവും അധികം ആവേശത്തോടു കൂടി കാത്തിരിക്കുന്ന ചിത്രമാണ് കാളിയൻ. രണ്ട് വർഷത്തിന് മുമ്പ് തന്നെ പ്രഖ്യാപിക്കപ്പെട്ട ചിത്രം മലയാളത്തിന്റെ 'ബാഹുബലി' ആകുമെന്നു തന്നെയാണ് ആരാധകരുടെ വിശ്വാസം. ഇപ്പോഴിതാ, കാളിയന്റെ പിന്നണി പ്രവർത്തകർക്കൊപ്പമുള്ള ചിത്രം പുറത്തു വിട്ടിരിക്കുയാണ് പൃഥ്വി. ചിത്രത്തിന്റെ അവസാനഘട്ട പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ കൊച്ചിയിൽ നടന്നുവരികയാണ്. ഉടൻ തന്നെ കാസ്റ്റിംഗ് കാൾ പ്രഖ്യാപനം ഉണ്ടാവും.

നവാഗതനായ എസ് മഹേഷ് ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക്ക് മൂൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുജിത് വാസുദേവ് ആണ്. ബി.ടി അനിൽ കുമാർ ആണ് തിരക്കഥ രചിക്കുന്നത്. കമ്മാര സംഭവം എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലൻ ആണ് ചിത്രത്തിന്റെ ആർട്ട് വർക്കുകൾ ഒരുക്കുന്നത്. ലൂസിഫറിന് വേണ്ടി വസ്ത്രാലങ്കാരം നിർവഹിച്ച സുജിത്താണ് കാളിയന്റെയും കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്നത്‌.

അണിയറയിൽ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് ചിത്രത്തിന് ഈ വർഷം തന്നെ ആരംഭം കുറിക്കാനുള്ള സാധ്യതയുണ്ട്. മാർച്ച് മാസം അവസാനത്തോടെ ബ്ലെസിയുടെ ആടുജീവിതത്തിൽ ചേരുന്ന പൃഥ്വി ഏഴു മാസത്തോളം ഈ ചിത്രത്തിന്റെ ഒപ്പം ചിലവഴിക്കും. ശേഷം കാളിയൻ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.